Rabies Virus Niya Faizal Death: ‘സാധ്യമായ എല്ലാ ചികിത്സയും നൽകി, ഞരമ്പിൽ ആഴത്തിൽ കടിയേറ്റിരുന്നു’; നിയയുടെ മൃതദേഹം ഖബറടക്കി
Rabies Death In Kerala: ഏപ്രിൽ എട്ടിനാണ് നിയയ്ക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്തിരിക്കുമ്പോള്‍ താറാവിനെ ഓടിച്ചെത്തിയ നായ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തു.

നിയ ഫൈസൽ
കൊല്ലം: പേവിഷബാധയെ തുടർന്ന് മരിച്ച ഏഴുവയസുകാരി നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു മൃതദേഹം സംസ്കരിച്ചത്. പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്. കൂടുതൽ പേർക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു.
നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു പറഞ്ഞു. കുട്ടിയുടെ ഞരമ്പില്‍ ആഴത്തില്‍ കടിയേറ്റതാകാം വൈറസ് വ്യാപനം വേഗത്തിലാകാന്‍ കാരണമെന്നും ഡോക്ടർ വിശദീകരിച്ചു. ആക്രമണത്തിൽ നിയയുടെ കൈയ്ക്ക് വലിയ പരിക്ക് ഉണ്ടായിരുന്നു. ആരും ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ ആരും നിർദേശിക്കാറില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വാക്സിനിൽ സംശയമില്ല, വാക്സിൻ ഫലപ്രദമാണെന്ന് പഠനത്തിൽ കൃത്യമായി കണ്ടെത്തിയതായി ജോയിന്റെ ഡിഎംഇ ഡോക്ടർ വിശ്വനാഥ് പറഞ്ഞു. വാക്സിൻ സ്റ്റോറേജ് അടക്കം പരിശോധിച്ചാണ് റിപ്പോർട്ടെന്നും അദേഹം വ്യക്തമാക്കി. നിയയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കൊപ്പം എസ്എടി സൂപ്രണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ALSO READ: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു
കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് നിയയ്ക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്തിരിക്കുമ്പോള്‍ താറാവിനെ ഓടിച്ചെത്തിയ നായ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തു. കൂടാതെ അന്നേ ദിവസം തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. തുടർന്ന് മൂന്ന് തവണ ഐഡിആർവി എടുത്തു.
മെയ് ആറിന് എടുക്കേണ്ട ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.