Rapper Vedan: മോഹന്‍ ഭാഗവത്ജി പശുവിറച്ചി കഴിച്ചിട്ടുണ്ട്, പിന്നാക്ക വിഭാഗക്കാരെ ഒന്നിപ്പിക്കാന്‍ എന്തും ചെയ്യാം; വേടനെ കൂടെ നിര്‍ത്തണം: രാഹുല്‍ ഈശ്വര്‍
Sasikala vs Vedan Controversy: സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്ജി ഒരിക്കല്‍ പിന്നാക്കക്കാരന്റെ പരിപാടിക്ക് പോയി. അപ്പോള്‍ പശുവിറച്ചിയായിരുന്നു കഴിക്കാന്‍ നല്‍കിയത്. അവര്‍ക്ക് വിഷമമുണ്ടാകുമെന്ന് കരുതി അദ്ദേഹം ആ പശുവിറച്ചി കഴിച്ചു. ഹിന്ദു ഐക്യത്തിന് വേണ്ടു പശുവിറച്ചി കഴിക്കാന്‍ നമ്മള്‍ തയാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.

വേടന്‍, രാഹുല്‍ ഈശ്വര്‍, മോഹന്‍ ഭാഗവത്
കൊച്ചി: റാപ്പര്‍ വേടനെതിരെ നടക്കുന്ന സംഘ്പരിവാര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. ഹിന്ദു ഐക്യം നിലനിര്‍ത്താന്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പശുവിറച്ചി കഴിച്ചിട്ടുള്ളതുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പശുവിറച്ചി കഴിച്ചിട്ടാണെങ്കിലും പോലും പിന്നാക്ക വിഭാഗക്കാരെ ഒന്നിപ്പിക്കണമെന്നാണ് സര്‍സംഘ് ചാലക് പറയുന്നതെന്നും വേടന്‍ വിഷയവുമായി ബന്ധപ്പെട്ട് പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു.
സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്ജി ഒരിക്കല്‍ പിന്നാക്കക്കാരന്റെ പരിപാടിക്ക് പോയി. അപ്പോള്‍ പശുവിറച്ചിയായിരുന്നു കഴിക്കാന്‍ നല്‍കിയത്. അവര്‍ക്ക് വിഷമമുണ്ടാകുമെന്ന് കരുതി അദ്ദേഹം ആ പശുവിറച്ചി കഴിച്ചു. ഹിന്ദു ഐക്യത്തിന് വേണ്ടു പശുവിറച്ചി കഴിക്കാന്‍ നമ്മള്‍ തയാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ചരിത്രത്തില്‍ നമ്മള്‍ ഒരുപാട് തെറ്റുകള്‍ പിന്നാക്കക്കാരോട് ചെയ്തിട്ടുണ്ട്. പശുവിറച്ചി കഴിച്ചിട്ടാണെങ്കില്‍ പോലും പിന്നാക്ക വിഭാഗക്കാരെ ഒന്നിപ്പിക്കണമെന്നാണ് സര്‍സംഘ് ചാലക് മുന്നോട്ടുവെക്കുന്ന ആശയം. ഇത്തരത്തിലുള്ള സമീപനം എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും വേടനെ കൂടെ നിര്‍ത്തുകയും വിശ്വാസത്തിലെടുക്കുകയും വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വേടന്റെ രാഷ്ട്രീയത്തോട് നമുക്ക് വിയോജിപ്പുണ്ട്. എന്നാല്‍ വേടനെ അധിക്ഷേപിക്കുന്നതിനായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ഉപയോഗിച്ച വാക്ക് വളരെ മോശമാണ്. അത് പിന്‍വലിക്കണം. വേടന്റെ ആശയത്തോട് എതിര് നില്‍ക്കുന്നയാളാണ് താന്‍. താനൊരു സവര്‍ണ ഹിന്ദു പ്രവര്‍ത്തകനാണ്. വേടന്‍ തന്റെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നയാളാണെന്നും രാഹുല്‍ പറഞ്ഞു.
വേടനെ തനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്, വളരെയധികം കഴിവുള്ള വ്യക്തിയാണ്. ശശികല ടീച്ചറോടും ബഹുമാനമുണ്ട്. എന്നാല്‍ ടീച്ചര്‍ ഉപയോഗിച്ച വാക്ക് ഒരു കാരണവശാലും ആരും ഉപയോഗിച്ച് കൂടാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.