VK Ebrahim Kunju: വിടവാങ്ങിയത് മധ്യകേരളത്തിലെ ലീഗ് രാഷ്ട്രീയത്തിന്റെ പടക്കുതിര; ആ നേട്ടങ്ങള്‍ ഇബ്രാഹിംകുഞ്ഞിന് മാത്രം സ്വന്തം
Kerala Bids Farewell to VK Ebrahim Kunju: പാലാരിവട്ടം പാലം അഴിമതി വിവാദം ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അദ്ദേഹത്തിന്റെ ജനകീയതയില്‍ ഒട്ടും കുറവു വന്നിട്ടില്ല. മധ്യകേരളത്തില്‍ മുസ്ലീം ലീഗിന് രാഷ്ട്രീയ വേരോട്ടം സമ്മാനിച്ച നേതാവായിരുന്നു ഇബ്രാഹിംകുഞ്ഞ്
മധ്യകേരളത്തില്‍ മുസ്ലീം ലീഗിന് രാഷ്ട്രീയ വേരോട്ടം സമ്മാനിച്ച നേതാവായിരുന്നു വികെ ഇബ്രാഹിംകുഞ്ഞ്. മലബാറിനു പുറത്തുള്ള ലീഗിന്റെ ജനകീയ മുഖം. പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയാണ് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതി വിവാദം ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അദ്ദേഹത്തിന്റെ ജനകീയതയില്‍ ഒട്ടും കുറവു വന്നിട്ടില്ല.
‘ഏതൊരു മനുഷ്യന്റെയും പ്രയാസങ്ങളിൽ രാഷ്ട്രീയം നോക്കാതെ ചേർത്തു നിർത്തിയ വ്യക്തിത്വം’, ‘ആർക്കും ആരുടെയും സഹായമില്ലാതെ കാണാൻ പറ്റുന്ന നേതാവ്’…വെറും നാലു ദിവസം മുമ്പ് ഇബ്രാഹിംകുഞ്ഞിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജില്‍ വന്ന ഒരു പോസ്റ്റിന് കീഴെ വന്ന കമന്റുകളാണിത്. ഇബ്രാഹിംകുഞ്ഞ് ഇപ്പോഴും ജനങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കമന്റുകള്‍.
ആ നേട്ടങ്ങള്‍ ഇബ്രാഹിംകുഞ്ഞിന് സ്വന്തം
മട്ടാഞ്ചേരിയുടെ അവസാനത്തെ എംഎല്‍എ, കളമശേരിയുടെ ആദ്യത്തെ എംഎല്‍എ എന്നീ നേട്ടങ്ങള്‍ ഇബ്രാഹിംകുഞ്ഞിന് സ്വന്തമാണ്. 2001ലും, 2006ലും മട്ടാഞ്ചേരിയില്‍ നിന്നു അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചു. പിന്നീട് മണ്ഡല പുനഃക്രമീകരണത്തിലൂടെ മട്ടാഞ്ചേരി മണ്ഡലം ഇല്ലാതായി. തുടര്‍ന്ന് 2011 മുതല്‍ കളമശേരിയില്‍ ജനവിധി തേടി. 2011, 2016 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കളമശേരിയിലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.
Also Read: V. K. Ebrahimkunju Death: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 2021ലെ തിരഞ്ഞെടുപ്പില്‍ നിന്നു അദ്ദേഹം വിട്ടുനിന്നു. ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ വിഇ അബ്ദുല്‍ ഗഫൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും, പി രാജീവിനോട് പരാജയപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ്.
എംഎസ്എഫിലൂടെ പൊതുരംഗത്തേക്ക്
എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് യൂത്ത് ലീഗില്‍ സജീവമായി. പതുക്കെ ലീഗിന്റെ നേതൃപദവിയിലേക്ക് എത്തി. മലബാറിന് പുറത്തേക്ക് ലീഗിനെ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ച ഇബ്രാഹിംകുഞ്ഞ് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ വിവാദത്തെ തുടര്‍ന്ന് രാജിവച്ചൊഴിയേണ്ടി വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ഏല്‍പിച്ചത് ഇബ്രാഹിംകുഞ്ഞിനെയായിരുന്നു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി.
മന്ത്രിപദവിയില്‍ തിളങ്ങി
ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് കേരളത്തിന് നിരവധി പാലങ്ങളും റോഡുകളും ലഭിച്ചു. പിഡബ്ല്യഡി മാനുവല്‍ പരിഷ്‌കാരമടക്കമുള്ള ആശയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇബ്രാഹിംകുഞ്ഞായിരുന്നു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രിക്കുള്ള അവാര്‍ഡ് (2012), കേളി കേരളയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം (2013), യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തി.
ഇനിയില്ല ആ പുഞ്ചിരി
വിവാദങ്ങള്‍ പെരുമഴ പോലെ പെയ്തപ്പോഴും ഏത് സാഹചര്യങ്ങളെയും പുഞ്ചിരിയോടെയാണ് ഇബ്രാഹിംകുഞ്ഞ് നേരിട്ടത്. സൗമ്യമുഖമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അടയാളപ്പെടുത്തല്‍. രാഷ്ടീയകേരളത്തിന് നഷ്ടമാകുന്നതും സൗമ്യമായ ആ ചെറുപുഞ്ചിരിയാണ്.