Sabarimala Crowd: ഒരു ദിവസം 75,000 പേര്‍ക്ക് ദര്‍ശനം; സ്‌പോട്ട് ബുക്കിങ് 5,000 പേര്‍ക്ക് മാത്രം
Sabarimala Pilgrimage Restrictions: ശബരിമലയിലെ ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുമ്പെങ്കിലും ആരംഭിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് വിഷയത്തില്‍ ഏകോപനം ഉണ്ടാകാതിരുന്നതെന്നും കേസ് പരിഗണിച്ച കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു.
കൊച്ചി: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ച് ഹൈക്കോടതി. ക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിച്ച് കോടതി ഉത്തരവിറക്കി. പ്രതിദിനം 75,000 പേരെ മാത്രമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പോട്ട് ബുക്ക് 5,000 ത്തിലേക്ക് കുറയ്ക്കണമെന്നും കോടതി പറഞ്ഞു. വെര്‍ച്വല്‍ ബുക്കിങ് ക്യൂ കര്‍ശനമായി നടപ്പാക്കുന്ന കാര്യത്തിലും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ശബരിമലയിലെ ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുമ്പെങ്കിലും ആരംഭിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് വിഷയത്തില്‍ ഏകോപനം ഉണ്ടാകാതിരുന്നതെന്നും കേസ് പരിഗണിച്ച കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. കഴിഞ്ഞ ദിവസം സ്‌പോട്ട് ബുക്കിങ് വഴി 20,000 ത്തോളം ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. എന്നാല്‍ 5,000 പേര്‍ക്ക് മാത്രം സ്‌പോട്ട് ബുക്കിങ് അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു.
വെര്‍ച്വല്‍ ബുക്കിങില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ല. ഷെഡ്യൂള്‍ സമയത്തിന് ആറ് മണിക്കൂര്‍ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. ഈ സമയം കഴിഞ്ഞതിന് ശേഷം വെര്‍ച്വല്‍ ബുക്കിങ് ക്യൂ അംഗീകരിക്കില്ല. വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് കൈവശമുള്ള എല്ലാ ഭക്തരെയും മല ചവിട്ടാന്‍ അനുവദിക്കുന്നതാണ് തിരക്ക് ഉയരാന്‍ കാരണം. പതിനെട്ടാം പടിയില്‍ അനുഭവ പരിചയമുള്ള പോലീസുകാരെ വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചു.




കേന്ദ്രസേനയെ എത്തിക്കാനുള്ള നടപടി കളക്ടറുടെ ഭാഗത്ത് നിന്നുണ്ടാകും. ശുചിമുറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കോടതി ദേവസ്വം ബോര്‍ഡിനോട് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ ദുരന്തം വരുത്തിവെക്കരുതെന്നും കോടതി താക്കീത് നല്‍കി.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടങ്ങളില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നതിന് കണക്കുണ്ടോ എന്നും കോടതി ആരാഞ്ഞു. ഓരോ സെക്ടറുകളുടെയും വിസ്തീര്‍ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം തീരുമാനിക്കാന്‍. വരുന്നവരെയെല്ലാം തിക്കിലും തിരക്കിലും കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. കുട്ടികളും പ്രായമായവരും മണിക്കൂറുകളോളമാണ് കാത്തുനില്‍ക്കുന്നത്. ഉത്സവം നടത്തുന്നത് പോലെയല്ല, മണ്ഡല മകരവിളക്ക് സീസണ് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.