Sabarimala Gold Scam: ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
Sabarimala Gold Scam Case SIT Investigation: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍ ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എസ്പി ശശിധരന്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കും
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എസ്പി ശശിധരന്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കും. എസ്‌ഐടി സ്വീകരിച്ച നടപടികളടക്കം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. എ പത്മകുമാറിന്റെ അറസ്റ്റിനുശേഷം കേസ് ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ഡിസംബര്‍ മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.
പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് കേസുമായി ബന്ധമുണ്ടോയെന്നടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. വിജയകുമാര്‍, പങ്കജ് പണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ അറസ്റ്റ്, ഡി മണി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും എസ്‌ഐടി കോടതിക്ക് കൈമാറും.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി എസ്‌ഐടിക്ക് ജനുവരി 17 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കമുള്ള പ്രതികള്‍ പിടിയിലായി 60 ദിവസം പിന്നിട്ടിട്ടും പ്രാഥമിക കുറ്റപത്രം നല്‍കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല.
ഹൈക്കോടതി അനുവദിച്ച അന്വേഷണ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഈ ചുരുങ്ങിയ കാലയളവില്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എസ്‌ഐടിക്ക് കണ്ടെത്തേണ്ടതുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മുന്‍ ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ദാസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ശങ്കര്‍ദാസിന്റെ ആവശ്യം.
2019ലെ ബോര്‍ഡംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരെ എന്തിനാണ് ഒഴിവാക്കിയതെന്നും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഈ പരാമര്‍ശം നടത്തിയതെന്നും, ഇത് നീക്കണണമെന്നുമാണ് ശങ്കര്‍ദാസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.