Sabu M Jacob: രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണെന്ന്; സഹികെട്ടാണ് ഇവിടെ നിന്നും പോകുന്നത്: സാബു ജേക്കബ്
Sabu Jacob Against Minister P Rajeev: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആക്രമിച്ചു. ഒരു മാസം തുടര്‍ച്ചയായി സ്ഥാപനത്തില്‍ റെയ്ഡുകള്‍ നടത്തി. എന്നാല്‍ അവര്‍ക്ക് ഒരു നിയമലംഘനം പോലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും ഇവിടെ തുടരാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കിറ്റക്‌സ് ആന്ധ്രാപ്രദേശിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു സാബു ജേക്കബ്. ആന്ധ്ര മോശമാണെന്ന് പറയുന്ന വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണ്. എന്തുകൊണ്ടാണ് കിറ്റക്‌സ് കേരളം വിട്ടുപോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സാബു പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആക്രമിച്ചു. ഒരു മാസം തുടര്‍ച്ചയായി സ്ഥാപനത്തില്‍ റെയ്ഡുകള്‍ നടത്തി. എന്നാല്‍ അവര്‍ക്ക് ഒരു നിയമലംഘനം പോലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കിറ്റക്‌സ് കേരളം വിടുകയാണെന്ന് പ്രഖ്യാപിച്ച അന്ന് തന്നെ തങ്ങളുടെ ഓഹരി മൂല്യം വര്‍ധിച്ചു. സര്‍ക്കാരിന് ഒരു ചെറിയ നിയമലംഘനം പോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. സഹികെട്ടാണ് 3,500 കോടി രൂപ കേരളത്തില്‍ നിന്നും മാറി മറ്റെവിടെയെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി.
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. അല്ലാതെ ആരുടെയും പിതൃസ്വത്തല്ല, അത് മനസിലാക്കണം. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണെന്ന് സാബു പറഞ്ഞു.
മനഃസമാധാനം കിട്ടാന്‍ അവനവന്‍ തന്നെ വിചാരിക്കണമെന്ന രാജീവിന്റെ പ്രതികരണത്തിനും സാബു ജേക്കബ് മറുപടി നല്‍കി. ആ പറയുന്നതില്‍ വലിയ അര്‍ത്ഥമുണ്ട്. വേണ്ടപ്പെട്ടവരെ വേണ്ട പോലെ കണ്ടാല്‍ എനിക്ക് മനഃസമാധാനം ഉറപ്പാണ്. അത് എനിക്കും നന്നായി അറിയാം. അത്തരത്തിലുള്ള മനഃസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരുടെയും ഔദാര്യം ആവശ്യമില്ല. രാജാവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ലയിത്, അധ്വാനിച്ചുണ്ടാക്കിയതാണ്, അത് എന്ത് ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.