New Passenger Train: എത്തുന്നു പുതിയ പാസഞ്ചർ ട്രെയിൻ, ഉദ്ഘാടനം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ
Thrissur-Guruvayur new passenger train inauguration: തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലുകളും ഈ നേട്ടത്തിന് പിന്നിലുണ്ട്. ഉദ്ഘാടന ദിവസം രാവിലെ 10.30-ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.05-ന് ഗുരുവായൂരിലെത്തും.

പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ–ഗുരുവായൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ജനുവരി 23-ന് ആരംഭിക്കും. അന്നേദിവസം രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യുന്ന അഞ്ച് ട്രെയിനുകളിൽ ഒന്നാണിത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ ട്രെയിനിന് പച്ചക്കൊടി വീശും.
കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെയും ഭക്തജനങ്ങളുടെയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ പുതിയ സർവീസ് അനുവദിച്ചത്.
തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലുകളും ഈ നേട്ടത്തിന് പിന്നിലുണ്ട്. ഉദ്ഘാടന ദിവസം രാവിലെ 10.30-ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.05-ന് ഗുരുവായൂരിലെത്തും. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരിക്കും ട്രെയിൻ പുറപ്പെടുക.
സമയക്രമം
പതിവ് സർവീസുകൾ താഴെ പറയുന്ന സമയക്രമത്തിലായിരിക്കും നടക്കുക. വൈകുന്നേരം 06:10-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 06:50-ന് തൃശൂരിലെത്തും. രാത്രി 08:10-ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.
ഈ റൂട്ടിൽ ഒരു മെമു (MEMU) സർവീസായിട്ടായിരിക്കും ട്രെയിൻ ഓടുക എന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്നവർക്കും തൃശൂരിലേക്ക് പോകുന്ന സ്ഥിരം യാത്രക്കാർക്കും പുതിയ ട്രെയിൻ വലിയ ആശ്വാസമാകും.