Vande Bharat Sleeper: തിരുവനന്തപുരം-ചെന്നൈ വന്ദേ ഭാരത് സ്ലീപ്പര്‍; സുഖയാത്ര, സുരക്ഷിത യാത്ര ഉടന്‍
Thiruvananthapuram to Chennai Vande Bharat Train: 823 പേര്‍ക്കാണ് സ്ലീപ്പറില്‍ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുന്നത്. അങ്ങനെയെങ്കില്‍ ആഴ്ചയില്‍ അയ്യായിരത്തോളം പേര്‍ക്കും വന്ദേ ഭാരത് സ്ലീപ്പറില്‍ കയറി ലക്ഷ്യസ്ഥാനത്തെത്താം.
തിരുവനന്തപുരം: വന്ദേ ഭാരത് സ്ലീപ്പറിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി മതിയായ ട്രെയിനുകളില്ലാത്തത് പലപ്പോഴും യാത്രക്കാരെ വലയ്ക്കുന്നു. വന്ദേ ഭാരത് ട്രെയിനുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, പര്യാപ്തമല്ലെന്നാണ് യാത്രക്കാരുടെ പക്ഷം.
കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ദീര്‍ഘനാളായുള്ള യാത്രക്കാരുടെ ആവശ്യത്തിന് തത്കാലത്തേക്ക് വിരാമമിട്ടിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. രാജ്യത്ത് സര്‍വീസ് നടത്താനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ കേരളത്തിലേക്കുള്ള തീവണ്ടികളും ഉള്‍പ്പെടുന്നുണ്ട്.
ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. ഈ റൂട്ട് സാധ്യത പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. 823 പേര്‍ക്കാണ് സ്ലീപ്പറില്‍ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുന്നത്. അങ്ങനെയെങ്കില്‍ ആഴ്ചയില്‍ അയ്യായിരത്തോളം പേര്‍ക്കും വന്ദേ ഭാരത് സ്ലീപ്പറില്‍ കയറി ലക്ഷ്യസ്ഥാനത്തെത്താം.
Also Read: കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?
ആകെ 18 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ 11 തേഡ് എസി, 4 സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി എന്നീ കോച്ചുകളാണുള്ളത്. ഇതില്‍ എല്ലാമായി 823 ബെര്‍ത്തുകളുണ്ടാകും. എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ വരുന്നത് ഈ റൂട്ടില്‍ നേരിടുന്ന തിരക്കിന് അറുതി വരുത്തില്ലെന്ന കാര്യം ഉറപ്പാണ്. തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ആലപ്പി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് പോകുന്നത്. ഇവയിലെല്ലാം തന്നെ ടിക്കറ്റുകള്‍ മാസത്തിന് മുമ്പേ തീരും.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വിമാനങ്ങള്‍ക്ക് സമാനമായ യാത്ര അനുഭവം സമ്മാനിക്കുമെന്നാണ് വിവരം. തേഡ് എസി 2,300, സെക്കന്‍ എസി 3,000, ഫസ്റ്റ് എസി 3,600 എന്നിങ്ങനെയാകും ടിക്കറ്റ് നിരക്കെന്നാണ് വിവരം.