Makeup Side Effects: ആഘോഷങ്ങളാണ് വരുന്നത്… മേക്കപ്പ് ഓവറാവല്ലേ; ചർമ്മത്തിന് കിട്ടും എട്ടിൻ്റെ പണി
Dermatologist Explains Makeup Side Effects: ശരിയായ രീതിയിൽ മേക്കപ്പ് നീക്കം ചെയ്യാതെ ദീർഘനേരം ഇരിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുക, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ജലാംശം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ പിഗ്മെന്റേഷൻ കുറയ്ക്കാൻ സാധിക്കും.
ആഘോഷങ്ങളേതായാലും മേക്കപ്പ് നിർബന്ധമാണ്. വെറുതെയൊന്ന് പുറത്തേക്ക് ഇറങ്ങിയാലും മേക്കപ്പ് ഇടുന്നവരാണ് നമ്മളിൽ പലരും. ഐലൈനറുകൾ മുതൽ ആധുനിക ഹൈ-ഡെഫനിഷൻ ഫൗണ്ടേഷനുകൾ ഉൾപ്പെടെ മിക്കവരും വിലകൂടിയ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. മേക്കപ്പ് നമ്മുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നുതന്നെ പറയാം. വിലകൂടിയ മേക്കപ്പ് വസ്തുക്കൾ ഉപയോഗിച്ചാൽ ചർമ്മം കേടാകില്ല എന്നൊരു ധാരണ മിക്കവർക്കുമുണ്ട്. അതിൽ എത്രത്തോളം സത്യമുണ്ട്?
മേക്കപ്പ് ഉപയോഗിക്കുമ്പോൾ പലരുടെയും ഉള്ളിൽ ചോദ്യചിഹ്നമായി കിടക്കുന്ന ഒന്നാണ്, മേക്കപ്പ് ചർമ്മത്തിലെ പിഗ്മെന്റേഷന് കാരണമാകുമോ എന്നത്. ചർമ്മത്തിൽ അധികമായി മെലാനിൻ ഉത്പാദിപ്പിക്കുമ്പോഴാണ് പിഗ്മെന്റേഷൻ സംഭവിക്കുന്നത്. സൂര്യപ്രകാശം, ഹോർമോൺ മാറ്റങ്ങൾ, മുഖക്കുരു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ചില മരുന്നുകൾ എന്നിവയാലും പിഗ്മെന്റേഷൻ സംഭവിക്കാം. ഇന്ത്യൻ കാലാവസ്ഥ നോക്കിയാൽ സൂര്യപ്രകാശം ഏറ്റ് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ സാധാരണമാണെന്നാണ് ദി എസ്തറ്റിക് ക്ലിനിക്കിൻ്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഡോ. റിങ്കി കപൂർ പറയുന്നത്.
മേക്കപ്പ് പിഗ്മെന്റേഷന് കാരണമാകുമോ?
ഫൗണ്ടേഷൻ, കൺസീലർ, ലിപ്സ്റ്റിക്, മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം പിഗ്മെന്റേഷൻ ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാൽ മേക്കപ്പ് ഉപയോഗിക്കുന്ന ചില രീതികളും അവയിലെ ചേരുവകളും നിങ്ങൾക്ക് നിലവിലുള്ള അവസ്ഥകളെ കൂടുതൽ വഷളാക്കാനുള്ള സാധ്യത കൂടുതലാണ്. ഗുണനിലവാരം കുറഞ്ഞതോ കാലാവധി കഴിഞ്ഞതുമായ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവ അടങ്ങിയ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷന് കാരണമാകുകയും ചെയ്യുന്നു.
ഇതിനുപുറമെ, ശരിയായ രീതിയിൽ മേക്കപ്പ് നീക്കം ചെയ്യാതെ ദീർഘനേരം ഇരിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുക, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ജലാംശം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ പിഗ്മെന്റേഷൻ കുറയ്ക്കാൻ സാധിക്കും. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ കറ്റാർ വാഴ, ഗ്രീൻ ടീ ഓയിൽ തുടങ്ങിയ പ്രകൃതിദത്ത പരിഹാരങ്ങൾ പിഗ്മെന്റേഷൻ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് ഡോ. കപൂർ നിർദ്ദേശിക്കുന്നു.
പിഗ്മെന്റേഷൻ തടയാൻ മേക്കപ്പ് സുരക്ഷിതമായി ഉപയോഗിക്കൂ
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ: എല്ലായ്പ്പോഴും വിശ്വസനീയവും ചർമ്മരോഗ പരിശോധനയ്ക്ക് വിധേയവുമായ ബ്രാൻഡുകൾ തിരഞ്ഞെടുക്കുക. നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മമാണെങ്കിൽ അവയിലെ ചേരുവകൾ മനസ്സിലാക്കി മാത്രം വാങ്ങുക.
ചേരുവകൾ: ചർമ്മം എളുപ്പത്തിൽ അലർജിക്ക് ഇരയാകുന്നുണ്ടെങ്കിൽ ഉയർന്ന രീതിക്ക് ആൽക്കഹോൾ, കൃത്രിമ സുഗന്ധദ്രവ്യങ്ങൾ അല്ലെങ്കിൽ പാരബെൻസ് ഉള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
സൺസ്ക്രീൻ ഒഴിവാക്കരുത്: സൂര്യപ്രകാശം പിഗ്മെന്റേഷന്റെ പ്രധാന കാരണമായതിനാൽ, പകൽ സമയങ്ങളിൽ മേക്കപ്പിന് മുമ്പ് സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.
മേക്കപ്പ് നീക്കം ചെയ്യുക: മുഖത്ത് മേക്കപ്പ് ഇട്ട് കിടന്നുറങ്ങുകയോ അധിക സമയം ഇരിക്കുകയോ ചെയ്യരുത്. അതിനായി നല്ലൊരു ക്ലെൻസർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.