Sabarimala Virtual Queue Booking: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് എങ്ങനെ ചെയ്യാം? അറിയേണ്ടതെല്ലാം
Sabarimala Virtual Queue Booking Process Explained: ശബരിമല വെർച്വൽ ക്യൂ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാമെന്ന് വിശദമായി നോക്കാം. ആദ്യമായി ബുക്ക് ചെയ്യുന്നവര്‍ രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് വിശദാംശങ്ങള്‍ നല്‍കണം. ബുക്കിങ് എങ്ങനെ ചെയ്യണമെന്ന് വിശദമായി പരിശോധിക്കാം
ശബരിമല തീര്‍ത്ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ രീതി അടിസ്ഥാനമാക്കി എങ്ങനെയാണ് ബുക്കിങ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ് ചെയ്യേണ്ടത്. ഈ വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഹോം പേജില്‍ ലോഗിന്‍ ചെയ്യണം. പുതിയ ഉപയോക്താവാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള ഓപ്ഷന്‍ ഹോം പേജിലെ ലോഗിന്‍ സെഷന് തൊട്ടുതാഴെയായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘രജിസ്‌ട്രേഷന്‍’ എന്ന പേരിലുള്ള പേജിലെത്തും. ഇവിടെ ഫോട്ടോ, ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, അഡ്രസ്, സംസ്ഥാനം, ജില്ല, പിന്‍കോഡ് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം.
ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഫോട്ടോ ഐഡി പ്രൂഫിന്റെ നമ്പറും നല്‍കണം. തുടര്‍ന്ന് ഇ മെയില്‍ ഐഡി കൊടുക്കണം. തുടര്‍ന്ന് ലോഗിന് വേണ്ടിയുള്ള പാസ്‌വേര്‍ഡും നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
തുടര്‍ന്ന് ഇമെയില്‍ ഐഡി/മൊബൈല്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഹോം പേജിലൂടെ ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്യുമ്പോള്‍ പുതിയൊരു ഡാഷ്‌ബോര്‍ഡ് ലഭിക്കും. ഇതില്‍ കാണുന്ന വെര്‍ച്വല്‍ ക്യൂ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ശബരിമല ദര്‍ശനം നടത്തേണ്ട തീയതി, പോകുന്ന റൂട്ട് എന്നിവ നല്‍കാനുള്ള ഓപ്ഷന്‍ ലഭിക്കും.
ഇത് നല്‍കുമ്പോള്‍ ലഭിക്കുന്ന സ്ലോട്ടുകളില്‍ നമുക്ക് വേണ്ടത് തിരഞ്ഞെടുക്കുക. നാം എത്തുന്ന സമയമാണ് സ്ലോട്ടായി തിരഞ്ഞെടുക്കേണ്ടത്. തനിച്ചാണോ, അതോ സംഘമായാണോ പോകുന്നതെന്ന് നല്‍കാനുള്ള ഓപ്ഷനുമുണ്ടാകും. സംഘമായാണ് പോകുന്നതെങ്കില്‍ തീര്‍ത്ഥാടകരെ ‘ആഡ്’ ചെയ്യുന്നതിനുള്ള ഓപ്ഷനും ലഭിക്കും.
ഇതെല്ലാം ചെയ്തതിന് ശേഷം ‘പില്‍ഗ്രീം ഡീറ്റെയില്‍സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അവിടെ തീര്‍ത്ഥാടകരുടെ ലിസ്റ്റ് ലഭിക്കും. അതില്‍ തീര്‍ത്ഥാടനത്തിന് പോകുന്നവരുടെ പേര് സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യണം. പ്രസാദം വേണമെങ്കില്‍ അതിന്റെ ക്വാണ്ടിറ്റി സെലക്ട് ചെയ്യാം. പ്രസാദം സെലക്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ തുക ഓണ്‍ലൈനായി നല്‍കണം. ഇല്ലെങ്കില്‍ ബുക്കിങിന് പണം നല്‍കേണ്ടതില്ല. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിന് ശേഷം ‘പ്രൊസീഡ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.