Sabarimala: ശരണവിളിയുടെ പാതയിൽ… ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം
Sabarimala Mandala Kalam Begins: അങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 26 നാണ്. പിന്നീട് 27 നാണ് മണ്ഡലപൂജ നടക്കുക. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടർന്ന് ഡസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിൻ്റെ ഭാഗമായി വീണ്ടും നടതുറക്കും.

Sabarimala
പത്തനംതിട്ട: ശരണവിളിയുടെ പാതയിൽ ശബരിമല നടതുറന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരിയാണ് ശബരിമല നടതുറന്നത്. നാളെ (തിങ്കൾ) പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കും. ഇതോടെ ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന് തുടക്കംകുറിക്കും. പിന്നീട് എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയും ഭക്തർക്ക് ദർശനം ലഭിക്കും.
അങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 26 നാണ്. പിന്നീട് 27 നാണ് മണ്ഡലപൂജ നടക്കുക. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടർന്ന് ഡസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിൻ്റെ ഭാഗമായി വീണ്ടും നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശം നടത്താനാകും. ജനുവരി 20 ന് രാവിലെ വീണ്ടും നടയടയ്ക്കുന്നതാണ്.
Also Read: മല ഓടിക്കയറരുത്, വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കരുത്; അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദർശനം നടത്തുന്നതിനായി ഓൺലൈനിലൂടെയും ഭക്തർക്ക് ബുക്കിങ് ചെയ്യാവുന്നതാണ്. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ ബുക്കിംങ് നടത്തേണ്ടത്. പ്രതിദിനം 70,000 പേർക്ക് മാത്രമെ ഓൺലൈൻ ബുക്കിങ് നടത്താൻ സാധിക്കുകയുള്ളൂ. സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം ചെങ്ങന്നൂർ എന്നിവടങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
നട തുറന്ന ആദ്യം ദിവസം തന്നെ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. താഴെ തിരുമുറ്റത്തും നടപ്പന്തലിലും നൂറുകണക്കിന് അയ്യപ്പ ഭക്തന്മാരാണ് നടതുറക്കുന്നതിനായി കാത്തുനിന്നത്. ക്ഷേത്രത്തിലെ നെയ്‌വിളക്കിൽ നിന്നുള്ള നാളവുമായി നിലവിലെ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരിയാണ് ആഴിക്ക് സമീപം എത്തി ആഴിയിലേക്ക് അഗ്നി പകർന്നത്. ശേഷം നിയുക്ത ശബരിമല മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവരും അരുൺകുമാർ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തേക്ക് എത്തി.