AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Stampede: ആവേശക്കൊടുമുടിയേറിയ ബെംഗളൂരു നഗരത്തെ കണ്ണീരിലാഴ്ത്തിയ സായാഹ്നം; ചിന്നസ്വാമിയില്‍ സംഭവിച്ചത്‌

Chinnaswamy Stadium Stampede: കര്‍ണാടകയില്‍ രാഷ്ട്രീയവിവാദങ്ങള്‍ക്കും ഇത് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. വരും ദിവസങ്ങളിലും കര്‍ണാടകയില്‍ പ്രതിപക്ഷം ഈ വിഷയം സര്‍ക്കാരിനെതിരെ ഉന്നയിക്കാനാണ് സാധ്യത

Bengaluru Stampede: ആവേശക്കൊടുമുടിയേറിയ ബെംഗളൂരു നഗരത്തെ കണ്ണീരിലാഴ്ത്തിയ സായാഹ്നം; ചിന്നസ്വാമിയില്‍ സംഭവിച്ചത്‌
ജനക്കൂട്ടം നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമം Image Credit source: PTI
jayadevan-am
Jayadevan AM | Published: 04 Jun 2025 21:04 PM

ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ആ 11 പേരും. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ആര്‍സിബി കിരീടം നേടിയപ്പോള്‍ ആ ആഹ്ലാദനിമിഷത്തില്‍ അണി ചേര്‍ന്നില്ലെങ്കില്‍ ജീവിതം അപൂര്‍ണമാകും എന്നു കരുതിയവരാകാം അവരെല്ലാം. ബെംഗളൂരു എന്ന മഹാനഗരത്തിന്റെ ഏത് കോണിലും ബുധനാഴ്ച വൈകുന്നേരം വരെ കാണാന്‍ കഴിഞ്ഞത് സംതൃപ്തിയുടെയും ആത്മാഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു. പൊടുന്നനെ എല്ലാം മാറിമറിഞ്ഞു. അതുവരെ ഏവരുടെയും മുഖത്തുണ്ടായിരുന്ന പുഞ്ചിരി പെട്ടെന്ന് പോയ്മറഞ്ഞു. എന്തോ അരുതാത്തത് സംഭവിച്ചുവെന്ന് മാത്രമാണ് ആദ്യം പലര്‍ക്കും മനസിലായത്. എന്നാല്‍ എന്തു ദുരന്തമാണ് സംഭവിച്ചതെന്നോ, അതിന്റെ വ്യാപ്തി എത്രത്തോളമാണെന്നോ പലരും തിരിച്ചറിഞ്ഞത് പിന്നെയും ഏറെ വൈകിയാണ്.

തിക്കിലും തിരക്കിലും രൂപപ്പെടുന്ന ദുരന്തങ്ങളുടെ വ്യാപ്തി രാജ്യം പലകുറി കണ്ടതാണ്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും, ഹൈദരാബാദില്‍ സിനിമാ റിലീസിനിടെയും സംഭവിച്ചതാണ് സമീപകാല ഉദാഹരണങ്ങള്‍. രാജ്യം ഞെട്ടിയ അപ്രതീക്ഷിത ദുരന്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം സംഭവിച്ചത്.

അപ്രതീക്ഷിതമായുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവരില്‍ ചിലരുടെ നില ഗുരുതരമാണ്. ട്രോഫിയുമായി എത്തുന്ന ആര്‍സിബി ടീമിനെ കാണാന്‍ സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയതാണ് ദുരന്തത്തിന് വഴിമരുന്നിട്ടത്. തിരക്ക് പരിധിവിട്ടതോടെ പൊലീസ് ലാത്തിവീശി. എന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അരുതാത്തത് സംഭവിച്ചു. ശ്വാസം കിട്ടാനാകാതെ ജനം പിടഞ്ഞുവീണു. തികച്ചും ഒഴിവാക്കാമായിരുന്ന ദുരന്തം.

സുരക്ഷ, ഗതാഗത പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് വിക്ടറി പരേഡിനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ആഘോഷങ്ങള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിനുള്ളില്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്‌. സുരക്ഷയ്ക്കായി അയ്യായിരത്തോളം പൊലീസുകാരെ മാത്രമാണ് വിന്യസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read Also: Royal Challengers Bengaluru: ദുരന്തത്തിനിടയിലും ആര്‍സിബിയുടെ വിജയാഘോഷം, അതിരൂക്ഷവിമര്‍ശനം

കര്‍ണാടകയില്‍ രാഷ്ട്രീയവിവാദങ്ങള്‍ക്കും ഇത് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. വരും ദിവസങ്ങളിലും കര്‍ണാടകയില്‍ പ്രതിപക്ഷം ഈ വിഷയം സര്‍ക്കാരിനെതിരെ ഉന്നയിക്കാനാണ് സാധ്യത. ഇത്രയും വലിയ ദുരന്തം തൊട്ടടുത്ത് നടന്നിട്ടും സ്റ്റേഡിയത്തിനുള്ളില്‍ ആര്‍സിബിയുടെ വിജയാഘോഷം നടന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ദുരന്തം നടന്നത് സ്റ്റേഡിയത്തിനുള്ളിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഭാഷ്യം.