Royal Challengers Bengaluru: ദുരന്തത്തിനിടയിലും ആര്‍സിബിയുടെ വിജയാഘോഷം, അതിരൂക്ഷവിമര്‍ശനം
RCB Felicitation Continues Despite Stampede: സംസ്ഥാന സര്‍ക്കാര്‍ മതിയായ ക്രമീകരണങ്ങള്‍ നടത്താതെ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിച്ചെന്ന് വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മോശമായ ആസൂത്രണമാണ് നടന്നതെന്നും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ബിജെപി
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ചിട്ടും, വിജയാഘോഷം തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രൂക്ഷവിമര്‍ശനം. ദുരന്തം നടന്നിട്ടും ടീം ഐപിഎല്‍ ജേതാക്കളായതിന്റെ ആഘോഷം സ്‌റ്റേഡിയത്തിനുള്ളില്‍ തുടരുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ടീമിനെതിരെ വ്യാപക വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പുറത്തു സംഭവിച്ച ദുരന്തത്തെക്കുറിച്ച് സ്റ്റേഡിയത്തിനുള്ളിലുള്ളവര്‍ അറിഞ്ഞില്ലെന്നാണ് ഇതുസംബന്ധിച്ച് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവിലെയും കർണാടകയിലെയും എല്ലാ ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




ജനക്കൂട്ടം അനിയന്ത്രിതമായി. പൊലീസ് നല്‍കിയ മുന്നറിയിപ്പുകള്‍ ആളുകള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അയ്യായിരത്തോളം പൊലീസുകാരയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ മതിയായ ക്രമീകരണങ്ങള്‍ നടത്താതെ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിച്ചെന്ന് വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.
മോശമായ ആസൂത്രണമാണ് നടന്നതെന്നും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ബിജെപി ആരോപിച്ചു. ആളുകള്‍ മരിക്കുമ്പോള്‍ റീലുകള്‍ ചിത്രീകരിക്കുന്നതിലും, ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിലുമായിരുന്നു സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും ശ്രദ്ധ. ലജ്ജ തോന്നുന്നുവെന്നും, കുറ്റകരമായ അനാസ്ഥയാണിതെന്നും കര്‍ണാടക ബിജെപി വിമര്‍ശിച്ചു.
ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് ഒഴിവാക്കാവുന്ന ദുരന്തമായിരുന്നുവെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു. സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദിയെന്നും അദ്ദേഹം വിമര്‍ശിച്ചു. സംഭവം നിര്‍ഭാഗ്യകരമായെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.