Kerala Cricket League 2025: വനിതാ ഏകദിന ലോകകപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ കേരള ക്രിക്കറ്റ് ലീഗ് എങ്ങനെ നടക്കും? കെസിഎയ്ക്കുണ്ട് ബാക്കപ്പ് പ്ലാന്‍
Kerala Cricket League 2025 updates: വനിതാ ഏകദിന ലോകകപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ കേരള ക്രിക്കറ്റ് ലീഗ് അതേ സ്റ്റേഡിയത്തില്‍ നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ബാക്കപ്പ് പ്ലാനുണ്ട്
തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റിയാല്‍, ഇതേ സ്റ്റേഡിയത്തില്‍ നടത്തേണ്ട കേരള ക്രിക്കറ്റ് ലീഗ് തടസപ്പെടുമോ? ആരാധകരുടെ മനസുകളില്‍ സമീപദിവസങ്ങളില്‍ ഉയര്‍ന്ന ചോദ്യമാണിത്. ഐസിസി നിയമങ്ങൾ അനുസരിച്ച്, ടൂർണമെന്റ് ആരംഭിക്കുന്നതിന് 30 ദിവസം മുമ്പ് വേദി കൈമാറണം. ആ കാലയളവില്‍ മറ്റ് മത്സരങ്ങള്‍ നടത്താനും പാടില്ല. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 7 വരെയാണ് കെസിഎല്‍ നടക്കുന്നത്. സെപ്തംബര്‍ 30നാണ് വനിതാ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
അതുകൊണ്ട് തന്നെ വനിതാ ഏകദിന ലോകകപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ കേരള ക്രിക്കറ്റ് ലീഗ് അതേ സ്റ്റേഡിയത്തില്‍ നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ബാക്കപ്പ് പ്ലാനുണ്ട്.
വനിതാ ഏകദിന ലോകകപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ കേരള ക്രിക്കറ്റ് ലീഗ് നടത്താന്‍ പകരം വേദികളുണ്ടെന്ന് അസോസിയേഷന്‍ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു. അതുകൊണ്ട് തന്നെ വനിതാ ഏകദിന ലോകകപ്പ് കേരള ക്രിക്കറ്റ് ലീഗിന് തടസമാകില്ല. നിലവില്‍ വനിതാ ഏകദിന ലോകകപ്പിന്റെ വേദി മാറ്റം സംബന്ധിച്ച് അസോസിയേഷന്‍ അന്തിമ സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ്.




ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. പൊലീസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പകരം വേദിയെന്ന നിലയില്‍ കാര്യവട്ടം സ്റ്റേഡിയത്തിനാണ് പ്രഥമ പരിഗണനയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണമായിട്ടില്ല.