AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Cricket League 2025: അടിമുടി അഴിച്ചുപണിതു; ഇക്കുറി കിരീടം തൂക്കാനുറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്‌

Thrissur Titans Team Analysis 2025: സിജോമോന്‍ ജോസഫിന്റെ ക്യാപ്റ്റന്‍സിയിലാണ് തൃശൂര്‍ ടൈറ്റന്‍സ് കെസിഎല്ലില്‍ പോരിന് ഇറങ്ങുന്നത്‌. രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച് പരിചയമുള്ള സിജോയുടെ ക്യാപ്റ്റന്‍സി തൃശൂരിന് മുതല്‍ക്കൂട്ടാണ്. അക്ഷയ് മനോഹറാണ് ഉപനായകന്‍

Kerala Cricket League 2025: അടിമുടി അഴിച്ചുപണിതു; ഇക്കുറി കിരീടം തൂക്കാനുറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്‌
തൃശൂര്‍ ടൈറ്റന്‍സ്‌ Image Credit source: facebook.com/thrissurtitans/
jayadevan-am
Jayadevan AM | Updated On: 15 Aug 2025 09:31 AM

ഴിഞ്ഞ തവണ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇക്കുറി കിരീടം നേടാനുറച്ചാണ് കേരള ക്രിക്കറ്റ് ലീഗിലേക്ക് തൃശൂര്‍ ടൈറ്റന്‍സ് എത്തുന്നത്. താരലേലത്തിലൂടെ വമ്പന്‍ അഴിച്ചുപണി നടത്തി. ഇത്തവണ സിജോമോന്‍ ജോസഫിന്റെ ക്യാപ്റ്റന്‍സിയിലാണ് തൃശൂര്‍ ടൈറ്റന്‍സ് കെസിഎല്ലില്‍ പോരിന് ഇറങ്ങുന്നത്‌. രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച് പരിചയമുള്ള സിജോയുടെ ക്യാപ്റ്റന്‍സി തൃശൂരിന് മുതല്‍ക്കൂട്ടാണ്. അക്ഷയ് മനോഹറാണ് ഉപനായകന്‍.

ലേലത്തിന് മുമ്പ് ആരെയും നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന അക്ഷയ് മനോഹര്‍, മുഹമ്മദ് ഇഷാഖ്, എംഡി നിധീഷ്, അഹമ്മദ് ഇമ്രാന്‍ എന്നിവരെ ലേലത്തിലൂടെ വീണ്ടും തിരികെയെത്തിച്ചു. ഒപ്പം ഷോണ്‍ റോജര്‍, വരുണ്‍ നായനാര്‍ എന്നീ കേരള ടീമിലെ യുവതാരങ്ങളെയും ടൈറ്റന്‍സ് സ്വന്തമാക്കി.
മുന്‍ സീസണില്‍ ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിഷ്ണു വിനോദിനെ കൈവിട്ടത് മാത്രം തിരിച്ചടിയായി.

എങ്കിലും ആനന്ദ് കൃഷ്ണനെ പോലുള്ള വെടിക്കെട്ട് ബാറ്റര്‍മാരിലൂടെ വിഷ്ണുവിന്റെ അഭാവം നികത്താമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് ഇദ്ദേഹം. ആനന്ദിന് വേണ്ടിയാണ് ടീം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്, ഏഴ് ലക്ഷം. സിജോമോന് വേണ്ടി 5.20 ലക്ഷവും മുടക്കി. ആനന്ദിനൊപ്പം അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, വരുണ്‍ നായനാര്‍, അരുണ്‍ പൗലോസ് തുടങ്ങിയ താരങ്ങളും കൂടി ചേരുമ്പോള്‍ ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് സെറ്റാണ്.

മികച്ച ഓള്‍റൗണ്ടര്‍മാരാണ് ഏതൊരു ടീമിന്റെയും കരുത്ത്. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റില്‍. ക്യാപ്റ്റന്‍ സിജോമോന്‍ തന്നെയാണ് ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍. ഒപ്പം സിവി വിനോദ് കുമാര്‍, അമല്‍ രമേശ്, സിബിന്‍ ഗിരീഷ് തുടങ്ങിയവരും ടൈറ്റന്‍സിന്റെ ഓള്‍ റൗണ്ട് മികവിന് മാറ്റ് കൂട്ടുന്നു.

എംഡി നിധീഷ് ടീമിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കും. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിലും താരം ഇടം നേടിയിരുന്നു. ഒപ്പം കഴിഞ്ഞ തവണ ടൈറ്റന്‍സിനായി ബൗളിങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഇഷാഖും കൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന്റെ ബൗളിങ് ആക്രമണം എതിരാളികള്‍ക്ക് തലവേദനയായേക്കാം. മുന്‍ സീസണില്‍ 11 വിക്കറ്റുകളാണ് ഇഷാഖ് സ്വന്തമാക്കിയത്. ആനന്ദ് ജോസഫ്, ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ് തുടങ്ങിയവരാണ് മറ്റ് ഓപ്ഷനുകള്‍.

ഈ സീസണില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെആര്‍ ടൈറ്റന്‍സിന്റെ ഭാഗമാണ്. തൃപ്പൂണിത്തുറ സ്വദേശിയായ താരത്തിന് 19 വയസ് മാത്രമാണ് പ്രായം. അടുത്തിടെ സമാപിച്ച എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായിരുന്നു. 75,000 രൂപയ്ക്കാണ് ടൈറ്റന്‍സ് രോഹിതിനെ ടീമിലെത്തിച്ചത്.

Also Read: KCL 2025: ചാമ്പ്യൻ പ്രകടനം തുടരാൻ സച്ചിൻ ബേബിയും സംഘവും; ഏരീസ് കൊല്ലം സെയിലേഴ്സ് ഇക്കുറി അതിശക്തം

പരിശീലകനിരയിലും ടീം വന്‍ പൊളിച്ചെഴുത്തുകള്‍ നടത്തിയിട്ടുണ്ട്. മുന്‍ രഞ്ജി താരം എസ് സുനില്‍കുമാറാണ് ഇത്തവണ പരിശീലകന്‍. കെവിന്‍ ഓസ്‌കാര്‍ സഹപരിശീലകനാകും. വിനന്‍ ജി നായരാണ് ബാറ്റിങ് കോച്ച്. ബൗളിങ് കോച്ചായി ഷാഹിദ് സിപിയും, ഫീല്‍ഡിങ് പരിശീലകനായി മണികണ്ഠന്‍ നായരും ടൈറ്റന്‍സിനൊപ്പമുണ്ട്.

തൃശൂര്‍ ടൈറ്റന്‍സ്

സിജോമോൻ ജോസഫ്, ആനന്ദ് കൃഷ്ണൻ, ഷോൺ റോജർ, വരുൺ നായനാർ, അഹമ്മദ് എംഐ, നിധീഷ് എംഡി, വിനോദ് കുമാർ സിവി, മുഹമ്മദ് ഇസ്ഹാഖ്, അക്ഷയ് മനോഹർ, രോഹിത് കെ, അരുൺ പൗലോസ്, വിഷ്ണു മേനോൻ, ആദിത്യ വിനോദ്, ആതിഫ് ബിൻ അഷ്റഫ്, അജ്നാസ് കെ, ആനന്ദ് ജോസഫ്, അമൽ രമേശ്, സിബിൻ ഗിരീഷ്, അർജുൻ എകെ, അജു പൗലോസ്