AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rakesh KJ: കെസിഎല്ലില്‍ ‘സെലക്ടഡാ’യ മുന്‍ സെലക്ടര്‍; ഇതാണ് സഞ്ജു പറഞ്ഞ മോട്ടിവേഷണല്‍ താരം

KJ Rakesh Cricketer Kochi Blue Tigers: 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 565 റണ്‍സും, 11 വിക്കറ്റുകളും കെജെ രാകേഷ്‌ സ്വന്തമാക്കിയിട്ടുണ്ട്. 23 ലിസ്റ്റ് മത്സരങ്ങളില്‍ നിന്ന് 332 റണ്‍സും, 10 വിക്കറ്റുകളും നേടി. പ്രായം വെറും അക്കം മാത്രമാണെന്ന് രാകേഷ്‌ താരലേലത്തിലൂടെ തെളിയിച്ചു

Rakesh KJ: കെസിഎല്ലില്‍ ‘സെലക്ടഡാ’യ മുന്‍ സെലക്ടര്‍; ഇതാണ് സഞ്ജു പറഞ്ഞ മോട്ടിവേഷണല്‍ താരം
കെജെ രാകേഷ്‌ Image Credit source: instagram.com/kochibluetigers/
jayadevan-am
Jayadevan AM | Updated On: 16 Aug 2025 13:17 PM

41-ാം വയസില്‍ അരങ്ങേറി ഐപിഎല്ലില്‍ വിസ്മയം തീര്‍ത്ത ഒരു താരമുണ്ട്. പേര് പ്രവീണ്‍ താംബെ. രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ പ്രവീണ്‍ താംബെയ്ക്ക് എന്നും വീരപരിവേഷമാണുള്ളത്. പാഷനെ വിടാതെ പിന്തുടര്‍ന്ന താരം. പലരും ക്രിക്കറ്റ് മതിയാക്കുന്ന പ്രായത്തില്‍ മത്സരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ മുഖം. അങ്ങനെ പോകുന്ന പ്രവീണ്‍ താംബെയുടെ വിശേഷങ്ങള്‍. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ വരെയായി. കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ കെജെ രാകേഷ് എന്ന 42കാരനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ പലരുടെയും മനസില്‍ തെളിഞ്ഞ് വന്നത് പ്രവീണ്‍ താംബെയുടെ മുഖമായിരിക്കാം.

എന്നാല്‍ രാകേഷിന്റെ കരിയറിലെ യാത്ര പ്രവീണ്‍ താംബെയുടേത് പോലെയായിരുന്നില്ല. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷന്‍ കമ്മിറ്റിയംഗമായിരുന്നു ഇദ്ദേഹം. ഇത്തവണ സെലക്ഷന്‍ കമ്മിറ്റിയിലെ കാലാവധി പൂര്‍ത്തിയാക്കിയശേഷമാണ് മൈതാനത്തേക്ക് തിരികെയെത്തുന്നത്. ‘ബക്കു രാകേഷ്’ എന്നറിയപ്പെടുന്ന താരത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സഞ്ജു സാംസണ്‍ മനസ് തുറന്നപ്പോഴാണ് ആ പേര് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. കെജെ രാകേഷിനെ മോട്ടിവേഷനായാണ് സഞ്ജു വിശേഷിപ്പിച്ചത്.

”കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍ കെജെ രാകേഷ് എന്ന ഒരു ചേട്ടനുണ്ട്. എന്റെ റൂം മേറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായിരുന്നു ചേട്ടന്‍. കെസിഎല്ലില്‍ കളിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ടായിരുന്നു. സെലക്ടര്‍ ചുമതല റിസൈന്‍ ചെയ്ത് പ്ലയറായി എത്തിയിരിക്കുകയാണ്. ഭാഗ്യം കൊണ്ട് നമ്മുടെ ടീമിലാണ് വന്നിരിക്കുന്നത്. അതൊക്കെ ഭയങ്കര വലിയ സ്റ്റോറിയാണ്. അത് വലിയ മോട്ടിവേഷനാണ്”-എന്നാണ് സഞ്ജു അഭിമുഖത്തില്‍ പറഞ്ഞത്.

Also Read: KCL 2025: സഞ്ജുവും സംഘവും തയ്യാറാണ്; കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തുന്നത് രണ്ടും കല്പിച്ച്

2008ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒടുവില്‍ ശ്രീലങ്കയിലെ ചിലാവ് മരിയന്‍സ് ക്രിക്കറ്റ് ക്ലബിലാണ് താരം കളിച്ചത്. തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് കരിയര്‍ പറിച്ചുനടുകയായിരുന്നു. 2018-19 കാലയളവിലാണ് താരം ചിലാവിനായി കളിച്ചതെന്ന് വിക്കിപ്പീഡിയ വ്യക്തമാക്കുന്നു. ഇടംകയ്യന്‍ ബാറ്ററും, വലം കയ്യന്‍ ഓഫ് സ്പിന്നറുമാണ്.

ഇസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയിലെ വിവരങ്ങള്‍ പ്രകാരം, 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 565 റണ്‍സും, 11 വിക്കറ്റുകളും ഈ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയിട്ടുണ്ട്. 23 ലിസ്റ്റ് മത്സരങ്ങളില്‍ നിന്ന് 332 റണ്‍സും, 10 വിക്കറ്റുകളും നേടി. പ്രായം വെറും അക്കം മാത്രമാണെന്ന് ‘ബക്കു’ താരലേലത്തിലൂടെ തെളിയിച്ചു. കളിക്കളത്തിലെ പ്രകടനത്തിലൂടെയും താരം അത് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആരാധകര്‍.