Kerala Cricket League 2025: കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തമാക്കണം; ‘കലിപ്പടക്കാന്‍’ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
Calicut Globstars Team Analysis 2025: രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അന്‍ഫല്‍ പിഎം, അഖില്‍ സ്‌കറിയ എന്നിവരെ താരലേലത്തിന് മുമ്പ് നിലനിര്‍ത്തി. ഇബ്‌നുള്‍ അഫ്ത്താബ്, അഖില്‍ ദേവ്, അജ്‌നാസ് എം എന്നിവരെ താരലേലത്തിലൂടെ തിരികെയെത്തിക്കുകയും ചെയ്തു
കഴിഞ്ഞ തവണ കലാശപ്പോരില്‍ കൈവിട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാനാണ് കേരള ക്രിക്കറ്റ് ലീഗിലേക്ക് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് എത്തുന്നത്. പ്രധാന താരങ്ങളെ കൈവിടാതെ ചെറിയ മിനുക്കുപണികള്‍ നടത്തിയാണ് ടീമിന്റെ വരവ്. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അന്‍ഫല്‍ പിഎം, അഖില്‍ സ്‌കറിയ എന്നിവരെ താരലേലത്തിന് മുമ്പ് നിലനിര്‍ത്തി. ഇബ്‌നുള്‍ അഫ്ത്താബ്, അഖില്‍ ദേവ്, അജ്‌നാസ് എം എന്നിവരെ താരലേലത്തിലൂടെ തിരികെയെത്തിക്കുകയും ചെയ്തു. തിരുവനന്തപുരം എ ഡിവിഷന്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സച്ചിന്‍ സുരേഷ് അടക്കമുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചു.
ഇത്തവണയും രോഹന്‍ കുന്നുമ്മലാണ് ടീമിന്റെ ക്യാപ്റ്റന്‍. അഖില്‍ സ്‌കറിയയാണ് വൈസ് ക്യാപ്റ്റന്‍. പ്രഥമ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചതില്‍ ഇരുവരുടെയും ബാറ്റിങ് പ്രകടനം നിര്‍ണായകമായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സ് നേടിയ സല്‍മാനായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചു കൂട്ടിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതും സല്‍മാനായിരുന്നു.
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രോഹന്‍ കുന്നുമ്മല്‍ അഞ്ചാമതായിരുന്നു. താരം 11 മത്സരങ്ങളില്‍ നിന്ന് 371 റണ്‍സ് നേടി. ഇത്തവണയും ടീമിന്റെ പ്രധാന ബാറ്റിങ് കരുത്ത് ഇരുവരുമാണ്. ഒപ്പം കഴിഞ്ഞ സീസണില്‍ മികച്ച പുറത്തെടുത്ത അഖില്‍ സ്‌കറിയയും, വിക്കറ്റ് കീപ്പര്‍ എം അജ്‌നാസും ടീമിന് ശക്തി പകരും.




കഴിഞ്ഞ സീസണില്‍ ഏറ്റവു കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് അഖില്‍ സ്‌കറിയയായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകളാണ് താരം കൊയ്തത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ സ്വന്തമാക്കിയ അഖില്‍ ദേവ് ഈ സീസണിലും ടീമിനൊപ്പമുള്ളത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ ബൗളിങ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. എന്നാല്‍ കഴിഞ്ഞ തവണ 14 വിക്കറ്റുകള്‍ വീഴ്ത്തിയ നിഖില്‍ എം ഇത്തവണ ടീമിനൊപ്പമില്ല. ഈ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ താരമാണ് നിഖില്‍.
ആഭ്യന്തര ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള മനുകൃഷ്ണനെ ടീമിലെത്തിച്ചതിലൂടെ ആ വിടവ് ടീമിന് നികത്താനാകും. ഒപ്പം ഐപിഎല്ലില്‍ അടക്കം കളിച്ച് പരിചയമുള്ള എസ് മിഥുനും ടീമിലുണ്ട്. ഇബ്‌നുള്‍ അഫ്താബ്, മോനുകൃഷ്ണ, അജിത് രാജ്, ഹരികൃഷ്ണന്‍ എംയു, കൃഷ്ണകുമാര്‍ ടിവി എന്നിവരാണ് മറ്റ് ബൗളര്‍മാര്‍.
പ്രീതിഷ് പവന്‍, ഷൈന്‍ ജോണ്‍ ജേക്കബ്, കൃഷ്ണ ദേവന്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. അജ്‌നാസും, സച്ചിനുമാണ് വിക്കറ്റ് കീപ്പര്‍. അമീര്‍ഷാ എന്ന പുതുമുഖ ബാറ്ററെയും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
കൃഷ്ണ കുമാര്‍ ടിവി, അമീര്‍ഷാ എസ്എന്‍, ഷൈന്‍ ജോണ്‍ ജേക്കബ്, ഹരികൃഷ്ണന്‍ എംയു, കൃഷ്ണദേവന്‍, പ്രീതിഷ് പവന്‍, അജിത്ത് രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, മോനു കൃഷ്ണ, അഖില്‍ ദേവ്, മനു കൃഷ്ണന്‍, സച്ചിന്‍ സുരേഷ്, എസ് മിഥുന്‍, അജ്‌നാസ് എം, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അന്‍ഫല്‍ പിഎം