Sanju Samson: ഓണം വന്നാലും ഉണ്ണി പിറന്നാലും സഞ്ജുവിന് കഞ്ഞി കുമ്പിളിൽ തന്നെ; കരിയർ തുടക്കം മുതൽ തുടരുന്ന അവഗണന
Sanju Samson And BCCI: ക്രിക്കറ്റ് ലോകത്ത് തന്നെ ഏറ്റവും മോശമായി ട്രീറ്റ് ചെയ്യപ്പെട്ടിട്ടുള്ള ക്രിക്കറ്റർമാരിൽ ഒരാളാവും സഞ്ജു സാംസൺ. അത് ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിലും കണ്ടു.
‘നമുക്ക് ഈ താരത്തെ പരീക്ഷിക്കണമല്ലോ.
എങ്കിൽ സഞ്ജുവിനെ കളയാം.’
കരിയറിൻ്റെ തുടക്കം മുതൽ ഒരുപക്ഷേ സെലക്ടർമാർ സംസാരിച്ചിരുന്ന രീതി ഇങ്ങനെയായിരിക്കാം. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടോപ്പ് റൺ സ്കോററുമായ സഞ്ജു പിന്നീട് രാജസ്ഥാൻ റോയൽസിനായി ആദ്യ കളി കളിച്ചപ്പോൾ തന്നെ ദി നെക്സ്റ്റ് ബിഗ് തിങ് എന്ന വിശേഷണം പിടിച്ചുവാങ്ങിയിരുന്നു. ഫ്രീ ഫ്ലോവിങ് സ്ട്രോക്കുകൾ, ടെക്നിക്കലി ബ്രില്ല്യൻ്റ്, ബൗണ്ടറി ക്ലിയറൻസ്, ഗൺ ഫീൽഡർ. ഒരു ബാറ്ററിന് എന്തൊക്കെ വേണോ അതൊക്കെ ഭദ്രം. പക്ഷേ, ഇതുവരെ സഞ്ജു കളിച്ചത് 16 ഏകദിനവും 42 ടി20യും മാത്രമാണ്.
2014ലാണ് സഞ്ജു ആദ്യം ടീമിലെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലുടനീളം എംഎസ് ധോണിയുടെ ബാക്കപ്പായി തുടർന്നു. 2015 ലോകകപ്പ് ടീം സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ഫൈനൽ സ്ക്വാഡിൽ നിന്ന് പുറത്ത്. അടുത്ത വർഷം സിംബാബ്‌വെയ്ക്കെതിരെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ 36 റൺസ്.




അഞ്ച് വർഷത്തിന് ശേഷം 2019ലാണ് സഞ്ജു വീണ്ടും ഇന്ത്യയുടെ നീല ജഴ്സി അണിയുന്നത്. ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരെ ബെഞ്ചിലിരുന്നു. കാരണം, എംഎസ് ധോണിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുവന്ന സെയിം പ്രൊഫൈലുകാരൻ ഋഷഭ് പന്ത്. തുടരെത്തുടരെ സഞ്ജുവിനെ തഴഞ്ഞ് പന്ത് കളിച്ചു. മോശം പ്രകടനങ്ങൾ തുടരെ വരുമ്പോഴും പന്ത് ഇമ്മ്യൂണിറ്റി നേടി ടീമിൽ തുടർന്നു.
എന്നിട്ടാണ് ന്യൂസീലൻഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകൾ. അപ്പോഴും ബാറ്റിംഗ് പൊസിഷനും എൻട്രി പോയിൻ്റുമൊക്കെ സഞ്ജുവിന് എതിരായിരുന്നു. രണ്ട് സീരീസിലും പരാജയം. വീണ്ടും ടീമിന് പുറത്ത്. ഈ സമയത്താണ് ഇഷാൻ കിഷൻ്റെ എൻട്രി. സഞ്ജു പുറത്ത്.
2022 മുതലാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. വൺ ഡൗൺ, ഓപ്പണിങ് പൊസിഷനുകളിൽ ഫിഫ്റ്റികളും സെഞ്ചുറികളും. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ ചെന്ന് നേടിയ മാച്ച് വിന്നിങ് സെഞ്ചുറി. ടി20യിൽ ഓപ്പൺ ചെയ്ത് തുടർ സെഞ്ചുറികൾ. ഇതിനിടെ 2024 ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുന്നു. ഒരു കളി പോലും കളിച്ചില്ല. എല്ലാ കളിയും കളിച്ച ഋഷഭ് പന്തിനെ ഫൈനലിൽ മാറ്റി സഞ്ജുവിനെ പരീക്ഷിക്കാൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ക്യാപ്റ്റൻ രോഹിത് ശർമ്മ ഒഴിവാക്കുന്നു. പന്തിന് വേണ്ടി സഞ്ജു വീണ്ടും പുറത്ത്.
2024ന് ശേഷം ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തിൽ സ്കോർ ചെയ്ത താരങ്ങളിൽ രണ്ടാമതാണ് സഞ്ജു സാംസൺ. ശുഭ്മൻ ഗിൽ ഈ പട്ടികയിൽ അവസാനവും. എന്നിട്ടും ഗിൽ വൈസ് ക്യാപ്റ്റനും ഫസ്റ്റ് ചോയിസ് ഓപ്പണറുമായി. സഞ്ജു ബെഞ്ചിലിരിക്കുമെന്ന് ഉറപ്പ്.
സഞ്ജുവിൻ്റെ ടി20 കരിയർ ഇങ്ങനെ- 42 ഇന്നിംഗ്സ്, 25 ശരാശരി, 152 സ്ട്രൈക്ക് റേറ്റ്
പന്തിൻ്റെ ടി20 കരിയർ ഇങ്ങനെ- 76 ഇന്നിംഗ്സ്, 23 ശരാശരി, 127 സ്ട്രൈക്ക് റേറ്റ്
ഗില്ലിൻ്റെ ടി20 കരിയർ ഇങ്ങനെ- 21 ഇന്നിംഗ്സ്, 30 ശരാശരി, 139 സ്ട്രൈക്ക് റേറ്റ്.
എന്നിട്ട് ആര് തഴയപ്പെടുന്നു? സഞ്ജു, സഞ്ജു, സഞ്ജു മാത്രം.