Asia Cup 2025: സഞ്ജു കളിച്ചത് ഗിൽ ഇല്ലാതിരുന്നതിനാലെന്ന് അഗാർക്കർ; രാജകുമാരന് വേണ്ടി വീണ്ടും മലയാളി താരത്തെ തഴഞ്ഞേക്കും
Shubman Gill Instead Of Sanju Samson: ഏഷ്യാ കപ്പിനുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും സഞ്ജു സാംസൺ ഫൈനൽ ഇലവനിൽ കളിച്ചേക്കില്ല. ശുഭ്മൻ ഗിൽ ആവും ഓപ്പണറെന്നാണ് സൂചന.
ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടതിനെക്കാൾ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായതാണ് ശ്രദ്ധേയമായത്. ത്രീ ഫോർമാറ്റ് ക്യാപ്റ്റനെന്ന ഗൗതം ഗംഭീറിൻ്റെ ആശയത്തിൻ്റെ തുടക്കമാണ് ഈ തീരുമാനം. അതിൽ ഗിൽ നേട്ടമുണ്ടാക്കുന്നു എന്നതിനെക്കാൾ സഞ്ജുവിന് ടീമിൽ ഇടം നഷ്ടപ്പെടുന്നു എന്നതാണ് പ്രധാനം.
സഞ്ജു ഓപ്പൺ ചെയ്തത് ശുഭ്മൻ ഗിൽ ടെസ്റ്റ് കളിക്കുന്നതുകൊണ്ടാണെന്നാണ് അഗാർക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതായത്, ഗിൽ തന്നെയാണ് ടി20യിലെ ഡെസിഗ്നേറ്റഡ് ഓപ്പണർ എന്ന്. താത്കാലിക ഓപ്പണറായി പരിഗണിച്ച സഞ്ജുവാണോ ഐപിഎലിൽ അടക്കം ഓപ്പണറായി കളിച്ചത് എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. മൂന്നാം നമ്പറിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു. ഇതിനിടെയാണ് ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതും ഐപിഎലിൽ ഇത് തുടരുന്നതും.
Also Read: Asia Cup 2025: ഏഷ്യാ കപ്പ് ടീമിൽ സഞ്ജുവിന് ഇടം; വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ




അഗാർക്കർ മറ്റൊന്നുകൂടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഞ്ജുവും ഗില്ലും മികച്ച ഓപ്പണർമാരാണെന്നും ആരെ പരിഗണിക്കണമെന്ന് ദുബായിൽ വച്ച് ക്യാപ്റ്റനും പരിശീലകനും ചേർന്ന് തീരുമാനിക്കുമെന്നുമായിരുന്നു പ്രസ്താവന. അഗാർക്കറിൻ്റെ ഭാഷ്യത്തിൽ ടീമിൽ ഉറപ്പുണ്ടോ എന്നറിയാത്ത ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയെന്നത് വിരോധാഭാസമായി തുടരുന്നു.
ഇതിൽ ബിസിസിഐയുടെ മറ്റൊരു തരം മാർക്കറ്റിങ് സ്ട്രാറ്റജിയുണ്ട്. വിരാട് കോലി കളമൊഴിയുന്ന സാഹചര്യത്തിൽ മറ്റൊരു ത്രീ ഫോർമാറ്റ് സൂപ്പർ സ്റ്റാർ എന്ന ലേബൽ ബിസിസിഐ നൽകിയിരിക്കുന്നത് ഗില്ലിനാണ്. വിരാട് കോലിയെ അങ്ങനെയാണ് ബോർഡ് കണ്ടിരുന്നത്. രോഹിത് ശർമ്മയെപ്പോലൊരു ക്യാപ്റ്റൻ ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിനെ നയിച്ചത് തൻ്റെ കരിയർ അവസാന സമയത്തായി എന്നത് ബിസിസിഐയുടെ ത്രീ ഫോർമാറ്റ് സൂപ്പർ സ്റ്റാർ എന്ന വാശിയുടെ ബാക്കിയായിരുന്നു. എന്നിട്ടും രണ്ട് ഐസിസി കിരീടം രോഹിത് നേടിക്കൊടുത്തു.
കോലിയെ ബ്രാൻഡ് ചെയ്ത് ബിസിസിഐ പണം വാരിയിട്ടുണ്ട്. ഗില്ലിലൂടെ അതാണ് ലക്ഷ്യം. പ്രിൻസ് എന്ന വിളിപ്പേരടക്കം നൽകിയത് അതിനാണ്. ഗിൽ കളിക്കാത്ത ഫോർമാറ്റിൽ ആരെ വെച്ച് ബ്രാൻഡ് ചെയ്യും?! അതിന് ബലിയാടാവേണ്ടിവരുന്നത് കരിയറിലുടനീളം അവഗണനകൾ നേരിട്ട സഞ്ജുവും.