Ind vs Eng: കാത്തിരിപ്പിനൊടുവില്‍ തിരിച്ചെത്തിയ കരുണ്‍ നായര്‍; ഭാരം കുറച്ചിട്ടും പുറത്തായ സര്‍ഫറാസ്; ടീം തിരഞ്ഞെടുപ്പിലെ സുഖ-ദുഃഖക്കാഴ്ചകള്‍
Karun Nair and Sarfaraz Khan: ഇന്ത്യന്‍ ടീം പ്രഖ്യാപനം ആരാധകര്‍ക്കും ഒരു പരിധിവരെ പ്രത്യാശയും, മറ്റൊരു തലത്തില്‍ നിരാശയും പകരുന്നതാണ്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കരുണ്‍ നായര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറെ സന്തോഷം പകരുന്ന കാര്യം

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ആരാധകര്‍ക്കും ഒരു പരിധിവരെ പ്രത്യാശയും, മറ്റൊരു തലത്തില്‍ നിരാശയും പകരുന്നതാണ്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കരുണ്‍ നായര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറെ സന്തോഷം പകരുന്ന കാര്യം. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ രണ്ടേ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നിട്ട് പോലും പലര്‍ക്ക് വേണ്ടിയും പിന്നീട് കരുണിന് വഴി മാറേണ്ടി വന്നു. പതിയെ പതിയെ സെലക്ടര്‍മാരുടെ റഡാറില്‍ നിന്ന് താരം അപ്രത്യക്ഷനായി.
സെലക്ടര്‍മാര്‍ കരുണിനെ മറന്നെങ്കിലും ആരാധകരുടെ മനസില്‍ എന്നും താരമുണ്ടായിരുന്നു. കരുണ്‍ നേരിട്ട അനീതി അവര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ ടീമിലെ അനീതിയുടെ കണക്കുപുസ്തകം തുറക്കുമ്പോള്‍ അതില്‍ പല അധ്യായങ്ങളിലായി കരുണിന്റെ പേരും മുഖവും തെളിഞ്ഞുനിന്നു.
പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ മുഖഭാവത്തില്‍ ഒടുവില്‍ കരുണ്‍ ക്രിക്കറ്റിനോട് അപേക്ഷിച്ചു. ‘പ്രിയ ക്രിക്കറ്റ്, ഒരു അവസരം കൂടി തരൂ’ എന്ന് കരുണ്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതി. തിരിച്ചുവരവിനുള്ള സമയവും സാവകാശവും ഇനിയുമുണ്ടെന്ന് അന്ന് കരുണും തിരിച്ചറിഞ്ഞിരിക്കണം.




തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി കരുണ്‍ കളം നിറഞ്ഞു. കര്‍ണാടക ടീം വിട്ട് വിദര്‍ഭയിലേക്ക് ചേക്കേറാനുള്ള തീരുമാനം നിര്‍ണായകമായി. തുടരെ തുടരെ തകര്‍പ്പന്‍ പ്രകടനങ്ങള്‍. രഞ്ജി ട്രോഫി കിരീടം വിദര്‍ഭ നേടിയതിന് പിന്നില്‍ കരുണിന്റെ കഠിനാധ്വാനവും ഉണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് കരുണിനെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ ശക്തമായി. സെലക്ടര്‍മാര്‍ കരുണിന്റെ പേരും ചര്‍ച്ച ചെയ്‌തെങ്കിലും ടീമില്‍ ‘വേക്കന്‍സി’ ഇല്ലാത്തത് തിരിച്ചടിയായി. എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താനാകിലല്ലോ എന്നായിരുന്നു അന്ന് പ്രധാന സെലക്ടറായ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചു.
എന്നാല്‍ കരുണിലെ പ്രതിഭയെ പാടെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ക്കും കഴിയുമായിരുന്നില്ല. ഒടുവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിലേക്ക് കരുണിന് വിളിയെത്തി. അത് വലിയൊരു സൂചനയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണിന്റെ മടക്കം ഉടന്‍ തന്നെയെന്ന് വ്യക്തമാക്കുന്ന സൂചന. ഒടുവില്‍ കരുണിന്റെ ജീവിതത്തിലെ കാര്‍മേഘം പെയ്‌തൊഴിഞ്ഞു. പ്രതീക്ഷിച്ചതുപോലെ തന്നെ കരുണിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. അനിവാര്യമായ, അര്‍ഹിക്കുന്ന തിരിച്ചുവരവ്.
പക്ഷേ, സര്‍ഫറാസ്
മുഹമ്മദ് ഷമി, സര്‍ഫറാസ് ഖാന്‍…ടീം തിരഞ്ഞെടുപ്പില്‍ ആരാധകര്‍ പരതിയ രണ്ടു പേരുകള്‍ ഇതായിരുന്നു. ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കായികക്ഷമതയായിരുന്നു പ്രശ്‌നം. പക്ഷേ, സര്‍ഫറാസ് ഖാനോ? ആദ്യ ടെസ്റ്റില്‍ 100 നേടിയ താരമാണ് സര്‍ഫറാസ്. പക്ഷേ, പിന്നീട് കാര്യമായി തിളങ്ങാനായില്ല. ഇതാണ് സര്‍ഫറാസിന് തിരിച്ചടിയായത്. ഇക്കാര്യം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വ്യക്തമാക്കി. ചിലപ്പോള്‍ ഇത്തരം തീരുമാനങ്ങളും എടുക്കേണ്ടി വരും. ടീമിന് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണിതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
സര്‍ഫറാസിന്റെ അമിത വണ്ണം പലപ്പോഴും വിമര്‍ശന വിധേയമായിരുന്നു. ഒടുവില്‍ താരം കഠിനാധ്വാനത്തിലൂടെ ഭാരം കുറച്ചു. ഒരു മാസം കൊണ്ട് താരം 10 കിലോ ഭാരം കുറച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനം മുന്‍നിര്‍ത്തി മികച്ച തയ്യാറെടുപ്പിലുമായിരുന്നു സര്‍ഫറാസ്. പക്ഷേ, ടീമില്‍ ഉള്‍പ്പെടാനായില്ലെന്ന് മാത്രം. കരുണിനെ പോലെ സര്‍ഫറാസും കഠിന പരിശ്രമം തുടരട്ടെ. കരുണിനെ മാതൃകയാക്കി തിരിച്ചുവരാനും സാധിക്കട്ടെ.