IPL 2025: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാസ്റ്റര്‍ പ്ലാന്‍; ‘ജൂനിയര്‍ എബി ഡി വില്ലിയേഴ്‌സ്’ ടീമിലെത്തി; ഇനി കളി മാറും

Dewald Brevis: എബി ഡിവില്ലിയേഴ്‌സുമായാണ് ബ്രെവിസിന്റെ ബാറ്റിങ് ശൈലിയെ താരതമ്യപ്പെടുത്തുന്നത്. ‘ബേബി എബി’, 'ജൂനിയര്‍ എബി ഡി വില്ലിയേഴ്‌സ്' എന്നീ പേരുകളിലും താരം അറിയപ്പെടുന്നു. ബ്രെവിസിന്റെ വരവ് ചെന്നൈയ്ക്ക് ആശ്വാസകരമാണ്. ബ്രെവിസ് ടീമിലെത്തിയതോടെ ഇനി സ്ട്രാറ്റജികളില്‍ ചെന്നൈ പൊളിച്ചെഴുത്ത് നടത്തുമെന്ന് തീര്‍ച്ച

IPL 2025: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാസ്റ്റര്‍ പ്ലാന്‍; ജൂനിയര്‍ എബി ഡി വില്ലിയേഴ്‌സ് ടീമിലെത്തി; ഇനി കളി മാറും

ഡെവാള്‍ഡ് ബ്രെവിസ്-ഫയല്‍ ചിത്രം

Published: 

18 Apr 2025 17:05 PM

പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീം. ഏഴ് മത്സരങ്ങളില്‍ അഞ്ചും തോറ്റു. ജയിച്ചത് രണ്ട് മത്സരങ്ങളില്‍ മാത്രം. ഐപിഎല്ലില്‍ മുന്‍ സീസണുകളില്‍ വിസ്മയം തീര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ സീസണില്‍ എന്തെങ്കിലും പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ അനിവാര്യമാണ്. തുടര്‍തോല്‍വികളില്‍ വലയുന്ന ടീമിന് താരങ്ങളുടെ പരിക്കും തിരിച്ചടിയായി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ആദ്യം പരിക്കേറ്റ് പുറത്തായത്. ക്യാപ്റ്റന്‍സിയിലെ പ്രശ്‌നം എംഎസ് ധോണിയിലൂടെ പരിഹരിച്ചെങ്കിലും ബാറ്റിങില്‍ റുതുരാജിന്റെ അഭാവം ചെന്നൈയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

റുതുരാജിന് പകരം 17കാരന്‍ ആയുഷ് മാഹ്‌ത്രെയെ ചെന്നൈ ടീമിലെത്തിച്ചു. റുതുരാജിന് പിന്നാലെ ഫാസ്റ്റ് ബൗളര്‍ ഗുർജപ്നീത് സിംഗും പരിക്കിനെ തുടര്‍ന്ന് പുറത്തായി. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഇതുവരെ അവസരം ലഭിക്കാത്ത ഗുർജപ്നീതിന്റെ അഭാവം ചെന്നൈയ്ക്ക് ഒരു തിരിച്ചടിയാകുമെന്ന് പറയാനാകില്ല. പകരം, മറ്റൊരു കിടിലന്‍ താരത്തെ ടീമിലെത്തിച്ച് ചെന്നൈ ആ വിടവ് നികത്തി.

ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെയാണ് ചെന്നൈ പകരം ടീമിലെത്തിച്ചത്. പരിക്കേറ്റ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് പകരമായി ചെന്നൈ ഒരു വിദേശ ബാറ്ററെയാണ് ടീമിലെത്തിച്ചതെന്നാണ് ശ്രദ്ധേയം. സീസണില്‍ ടീം പരിതാപകരമായ പ്രകടനമാണ് തുടരുന്നതെങ്കിലും ബൗളിങില്‍ കാര്യമായ പോരായ്മകളില്ല. ബാറ്റിങിലാണ് പ്രശ്‌നം മുഴുവനും. ഈ സാഹചര്യമാണ് ഒരു അധിക ബാറ്ററെ ടീമിലെത്തിക്കാന്‍ ചെന്നൈയെ പ്രേരിപ്പിച്ചതും.

ബ്രെവിസ് 81 ടി20 മത്സരങ്ങൾ കളിക്കുകയും 1787 റൺസ് നേടുകയും ചെയ്തിട്ടുണ്ട്. 2023 ൽ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറി. നേരത്തെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു. 2.2 കോടി രൂപയ്ക്കാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. 2022 ലെ ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലൂടെയാണ് ബ്രെവിസ് ശ്രദ്ധേയനായത്. 506 റണ്‍സ് നേടിയാണ് താരം ഞെട്ടിച്ചത്.

Read Also : IPL 2025: പരാഗിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹം; ദ്രാവിഡിൻ്റെ കാലഹരണപ്പെട്ട പരിശീലനം: രാജസ്ഥാൻ്റെ പ്രശ്നങ്ങൾ ചെറുതല്ല

ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സുമായാണ് ബ്രെവിസിന്റെ ബാറ്റിങ് ശൈലിയെ താരതമ്യപ്പെടുത്തുന്നത്. ‘ബേബി എബി’, ‘ജൂനിയര്‍ എബി ഡി വില്ലിയേഴ്‌സ്’ എന്നീ പേരുകളിലും താരം അറിയപ്പെടുന്നു. രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ തുടങ്ങിയവര്‍ നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.

രചിന്‍ രവീന്ദ്ര ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുമില്ല. ഈ സാഹചര്യത്തില്‍ ബ്രെവിസിന്റെ വരവ് ചെന്നൈയ്ക്ക് ആശ്വാസകരമാണ്. ബ്രെവിസ് ടീമിലെത്തിയതോടെ ഇനി സ്ട്രാറ്റജികളില്‍ ചെന്നൈ പൊളിച്ചെഴുത്ത് നടത്തുമെന്ന് തീര്‍ച്ച. ഇനി കളി മാറുമെന്നാണ് സിഎസ്‌കെ ആരാധകരുടെയും പ്രതീക്ഷ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും