Shreyas Iyer: ശ്രേയസ് അയ്യര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം, ക്ഷമിക്കില്ല; പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനെതിരെ യോഗ്‌രാജ് സിങ്
Yograj Singh criticizes Shreyas Iyer: കലാശപ്പോരാട്ടത്തില്‍ തിളങ്ങാനായെങ്കില്‍ സീസണില്‍ മികച്ച പ്രകടനമാണ് ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററുടെ റോളിലും ശ്രേയസ് പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ശ്രേയസ് അഞ്ചാമതുണ്ട്. 17 മത്സരങ്ങളില്‍ നിന്ന് 604 റണ്‍സാണ് ശ്രേയസ് നേടിയത്

ശ്രേയസ് അയ്യര്‍
ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റതിന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് മുന്‍ താരവും മുന്‍താരം യുവരാജ് സിങിന്റെ പിതാവുമായ യോഗ്‌രാജ് സിങ് രംഗത്ത്. ഫൈനല്‍ മത്സരത്തില്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ശ്രേയസിന് നേടാനായത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്തായത്. ശ്രേയസ് പുറത്തായ രീതിയെയാണ് യോഗ്‌രാജ് വിമര്‍ശിച്ചത്. ശ്രേയസ് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നായിരുന്നു യോഗ്‌രാജിന്റെ വിമര്‍ശനം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഫൈനലിൽ ശ്രേയസ് അയ്യർ കളിച്ച ഷോട്ട് ക്രിമിനൽ കുറ്റമാണെന്ന് ഞാൻ കരുതുന്നു. സെക്ഷൻ 302 പ്രകാരമുള്ള ഈ ക്രിമിനൽ കുറ്റത്തെക്കുറിച്ച് അശോക് മങ്കാദ് എന്നോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ശ്രേയസ് ചെയ്തത് അംഗീകരിക്കാനാവില്ല. അത് ക്ഷമിക്കാനാകില്ല”-യോഗ്‌രാജ് സിങ് പ്രതികരിച്ചു.
ഫൈനലില്‍ ആറു റണ്‍സിനാണ് ആര്‍സിബി പഞ്ചാബിനെ തോല്‍പിച്ചത്. പുറത്താകാതെ 30 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്ക് സിങ്, 23 പന്തില്‍ 39 റണ്‍സെടുത്ത ജോസ് ഇംഗ്ലിസ് എന്നിവരൊഴികെ ആര്‍ക്കും പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആര്‍സിബി കപ്പുയര്‍ത്തി.
ഫൈനലില്‍ തിളങ്ങാനായെങ്കില്‍ സീസണില്‍ മികച്ച പ്രകടനമാണ് ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററുടെ റോളിലും ശ്രേയസ് പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ശ്രേയസ് അഞ്ചാമതുണ്ട്. 17 മത്സരങ്ങളില്‍ നിന്ന് 604 റണ്‍സാണ് താരം നേടിയത്.