IPL 2025: ആര്‍സിബിയെ ഇനി പിടിച്ചാല്‍ കിട്ടില്ല; സൂപ്പര്‍താരം തിരിച്ചെത്തുന്നു
Josh Hazlewood: ഐപിഎല്ലിലെ കന്നിക്കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിക്ക് പ്ലേ ഓഫില്‍ ഹേസല്‍വുഡ് തിരിച്ചെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശ്വാസം പകരുന്നു. ജേക്കബ് ബെഥലിന് പകരം ടിം സീഫെര്‍ട്ടിനെയും, ലുങ്കി എന്‍ഗിഡിക്ക് പകരമായി ബ്ലെസിങ് മുസറബാനിയെയും ആര്‍സിബി ടീമിലെത്തിച്ചു

ആര്‍സിബി
ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ആര്‍സിബിക്കായി പ്ലേ ഓഫ് കളിക്കാന്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങിയ ഹേസല്‍വുഡ് ടൂര്‍ണമെന്റ് പുനഃരാരംഭിച്ചിട്ടും തിരിച്ചെത്തിയിരുന്നില്ല. തോളിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നിലവില്‍ ബ്രിസ്‌ബേനിലാണ് താരം. ഹേസല്‍വുഡ് ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഹേസല്‍വുഡ് ആര്‍സിബിക്കായി കളിക്കില്ല. മെയ് 26ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആര്‍സിബിയുടെ അവസാന മത്സരം.
ഐപിഎല്ലിലെ കന്നിക്കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിക്ക് പ്ലേ ഓഫില്‍ ഹേസല്‍വുഡ് തിരിച്ചെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശ്വാസം പകരുന്നു. സീസണില്‍ വളരെ മികച്ച പ്രകടനമാണ് ഹേസല്‍വുഡ് പുറത്തെടുത്തത്. ആര്‍സിബിയുടെ പേസാക്രമണത്തിന് നേതൃത്വം നല്‍കിയതും ഹേസല്‍വുഡായിരുന്നു. ആര്‍സിബി പ്ലേ ഓഫിലെത്തിയതില്‍ ഹേസല്‍വുഡിന്റെ പ്രകടനം ഏറെ നിര്‍ണായകമായി.
സീസണില്‍ താരം ഇതുവരെ 10 മത്സരങ്ങളാണ് കളിച്ചത്. 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തി. പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാമതുണ്ട്. ഐപിഎല്‍ പുനഃരാരംഭിച്ചതിന് ശേഷം ഹേസല്‍വുഡ് അടക്കമുള്ള ഓസീസ് താരങ്ങള്‍ മടങ്ങിയെത്തുമോയെന്നതില്‍ ആശങ്കയുണ്ടായിരുന്നു. ജൂണ്‍ 11ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് പ്രധാന കാരണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തി പല താരങ്ങളും മടങ്ങിയെത്തില്ലെന്നായിരുന്നു ആശങ്ക. എന്നാല്‍ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തിയില്ല. ഇതോടെ ഹേസല്‍വുഡിന്റെ തിരിച്ചുവരവിലും അനിശ്ചിതത്വമേറി. ഒടുവില്‍ പ്ലേ ഓഫിന് മുമ്പ് താരം തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിക്കുകയാണ്.
അതേസമയം, മെയ് 29 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കുന്ന പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനൊരുങ്ങുവന്ന ജേക്കബ് ബെഥലിന് പകരം ന്യൂസിലന്‍ഡ് താരം ടിം സീഫെര്‍ട്ടിനെയും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പുറപ്പെടാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിക്ക് പകരമായി സിംബാബ്‌വെയുടെ ബ്ലെസിങ് മുസറബാനിയെയും ആര്‍സിബി ടീമിലെത്തിച്ചു.