Virat Kohli: എന്തിന് വിരമിച്ചെന്ന് കോഹ്ലിയോട് ഹര്‍ഭജന്റെ മകള്‍; ‘സമയമായി മോളെ’ എന്ന് മറുപടി
Harbhajan Singh: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് വിരാട് കോഹ്ലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വിരാടിന്റെ പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പ് രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു
ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വിരാട് കോഹ്ലി തന്റെ മകള്‍ ഹിനയയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തി മുന്‍താരം ഹര്‍ഭജന്‍ സിങ്. കോഹ്ലിയുടെ കടുത്ത ആരാധികയാണ് എട്ടു വയസുള്ള ഹിനയ. കോഹ്ലി എന്തുകൊണ്ടാണ് വിരമിച്ചതെന്ന് മകള്‍ പലതവണ ചോദിച്ചെന്നും, തനിക്ക് മറുപടിയില്ലായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഒടുവില്‍ ഇക്കാര്യം ചോദിച്ചുകൊണ്ട് ഹിനയ കോഹ്ലിക്ക് സന്ദേശം അയച്ചു. ‘സമയമായി, മോളെ’ എന്നായിരുന്നു കോഹ്ലിയുടെ മറുപടിയെന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തി.
“വിരാട് എന്തിനാണ് നിങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്? ഇക്കാര്യം ചോദിച്ച് ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്റെ മകള്‍ പോലും അത് എന്നോടു ചോദിച്ചു. ‘പപ്പാ, വിരാട് എന്തിനാണ് വിരമിച്ചത്’ എന്നായിരുന്നു അവളുടെ ചോദ്യം. ‘ഞാന്‍ ഹിനയ ആണ്, എന്തിനാണ് അങ്ങ് വിരമിച്ചത്’ എന്ന് ചോദിച്ച് അവള്‍ വിരാടിന് മെസേജ് അയച്ചു. ‘മകളെ, സമയമായി’ എന്ന് അദ്ദേഹം മറുപടി നല്‍കി. എന്താണ് മികച്ചതെന്ന് അദ്ദേഹത്തിന് അറിയാം”-ഹര്‍ഭജന്റെ വാക്കുകള്‍.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് വിരാട് കോഹ്ലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വിരാടിന്റെ പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പ് രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. രോഹിത് വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മന്‍ ഗില്ലിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.




ഋഷഭ് പന്താണ് ഉപനായകന്‍. എന്നാല്‍ ഇന്ത്യയുടെ യുവടീമിനെക്കുറിച്ച് ഇപ്പോഴേ വിലയിരുത്തേണ്ടതില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഗില്ലിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിനെ ഹർഭജൻ സ്വാഗതം ചെയ്തു. എന്നാല്‍ ഗില്ലിന് മുന്നില്‍ വെല്ലുവിളികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്മാൻ ഗില്ലിനെപ്പോലുള്ള ഒരു യുവ ക്യാപ്റ്റനെ ലഭിക്കുന്നത് മികച്ച കാര്യമാണെന്നായിരുന്നു ഹര്‍ഭജന്റെ അഭിപ്രായം. ഇംഗ്ലണ്ട് പര്യടനം എളുപ്പമായിരിക്കില്ല. വിരാടിന്റെയും, രോഹിതിന്റെയും വിടവ് നികത്തേണ്ടതുണ്ട്. ഗില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടിവരുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.