Chandrayaan-4 : വരുന്നു ചന്ദ്രയാന്‍ 4; ദൗത്യം എന്ന്? കേന്ദ്രം പറയുന്നത് ഇങ്ങനെ
Chandrayaan-4 to launch in 2027 : ചന്ദ്രയാൻ4 2028 ൽ വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം നേരത്തെ ദൗത്യം നടപ്പിലാക്കാനാകുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്
രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാന്‍ 4 ദൗത്യം എന്നാണെന്ന് വ്യക്തത വരുത്തി കേന്ദ്രം. ദൗത്യം 2027ല്‍ നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 2008, 2019, 2023 വർഷങ്ങളിലാണ് ആദ്യ മൂന്ന് ദൗത്യങ്ങളും നടന്നത്. ചന്ദ്രോപരിതലം, എക്സോസ്ഫിയർ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതായിരുന്നു ആദ്യ രണ്ട് ദൗത്യങ്ങളും. എന്നാല്‍ ചന്ദ്രയാന്‍ രണ്ട് ഭാഗികമായി പരാജയപ്പെട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലെ ആദ്യത്തെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്താന്‍ ചന്ദ്രയാന്‍ മൂന്നിലൂടെ സാധിച്ചു. ദക്ഷിണ ധ്രുവപ്രദേശങ്ങളിലെ ചന്ദ്രന്റെ ഭൂതലത്തിലെ പ്രകമ്പനങ്ങളും ഈ ദൗത്യത്തിലൂടെ ആദ്യമായി രേഖപ്പെടുത്തി.
ചന്ദ്രയാൻ -4 ൽ ഹെവിലിഫ്റ്റ് എൽവിഎം -3 റോക്കറ്റിന്റെ കുറഞ്ഞത് രണ്ട് വ്യത്യസ്ത വിക്ഷേപണങ്ങളെങ്കിലും ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ചന്ദ്രയാൻ-4 ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ജിതേന്ദ്ര സിംഗ് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read Also : ഏറെ പ്രതീക്ഷയോടെയുള്ള വിക്ഷേപണം, പിന്നാലെ ആശങ്ക; നാവിഗേഷന്‍ ദൗത്യത്തിന് സംഭവിച്ചതെന്ത്




ചന്ദ്രയാൻ-4 2028 ൽ വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം നേരത്തെ ദൗത്യം നടപ്പിലാക്കാനാകുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
ചന്ദ്രയാന്‍ നാലിനൊപ്പം, വീനസ് ഓര്‍ബിറ്റര്‍ മിഷനും കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ 2028 മാർച്ചിൽ വിക്ഷേപിക്കാനാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌പേസ് വിഷൻ 2047 ലേക്കുള്ള ചവിട്ടുപടികളാണ് ഈ രണ്ട് ദൗത്യങ്ങളെന്നും ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 2035 ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതാണ് പ്രധാന ലക്ഷ്യം.
അടുത്ത വര്‍ഷത്തോടെ ഗഗന്‍യാന്‍, സമുദ്രയാന്‍ എന്നീ രണ്ട് ദൗത്യങ്ങള്‍ നടപ്പിലാക്കാനാണ് ഐഎസ്ആര്‍ഒയുടെ നീക്കം. ഗഗൻയാൻ പദ്ധതിയുടെ ആദ്യത്തെ അൺക്രൂ ദൗത്യം ഈ വർഷം നടക്കും. നിലവിൽ 8 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അടുത്ത ദശകത്തിൽ 44 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇത് ആഗോള ബഹിരാകാശ ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ഉറപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്തതുൾപ്പെടെ കഴിഞ്ഞ ദശകത്തിൽ ആരംഭിച്ച പരിഷ്കാരങ്ങൾ കൂടുതൽ നൂതനാശയങ്ങൾ, നിക്ഷേപം, അന്താരാഷ്ട്ര സഹകരണങ്ങൾ എന്നിവയിലേക്ക് നയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.