Samsung: മൂന്ന് തൊഴിലാളികളെ പിരിച്ചുവിട്ടു; സാംസങ് ചെന്നൈ ഫാക്ടറിയിൽ പണിമുടക്കി 500ലധികം തൊഴിലാളികൾ
500 Samsung Workers Protest: ചെന്നൈയിലുള്ള സാംസങ് ഫാക്ടറിയിൽ 500ലധികം തൊഴിലാളികൾ പണിമുടക്കുന്നു. മൂന്ന് തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടർന്നാണ് തൊഴിലാളികൾ സമരമുഖത്തേക്കിറങ്ങിയത്.

സാംസങ് ഫാക്ടറി, ചെന്നൈ
പ്രമുഖ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസങിൻ്റെ ചെന്നൈയിലുള്ള ഫാക്ടറിയിൽ പണിമുടക്ക്. 500ലധികം തൊഴിലാളികളാണ് സമരമുഖത്തുള്ളത്. മൂന്ന് തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ഇതോടെ കരാർ തൊഴിലാളികളോട് ജോലിക്ക് ഹാജരാവാൻ കമ്പനി ആവശ്യപ്പെട്ടു എന്നാണ് വിവരം.
ചെന്നൈക്ക് സമീപം ശ്രീപെരുമ്പുദൂരിലെ പ്ലാൻ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ തൊഴിൽ തർക്കമാണിത്. റെഫ്രിജറേറ്റർ, ടെലിവിഷൻ, വാഷിംഗ് മെഷീൻ തുടങ്ങിയവയാണ് ഈ ഫാക്ടറിയിൽ നിർമിക്കുന്നത്. 2022-23 കാലഘട്ടത്തിൽ സാംസങ്ങ് ഇന്ത്യയിൽ നടത്തിയ കച്ചവടത്തിൽ അഞ്ചാം സ്ഥാനം ഈ പ്ലാൻ്റിനായിരുന്നു. 12 ബില്ല്യൺ ഡോളറിനാണ് ഈ കാലയളവിൽ ചെന്നൈ ഫാക്ടറിയിൽ നിർമ്മിച്ച ഉപകരണങ്ങൾ വിറ്റുപോയത്. 1800ഓളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.
തങ്ങളുടെ ഭൂരിഭാഗം തൊഴിലാളികളും ആത്മാർത്ഥയോടെ ജോലി ചെയ്യുന്നുണ്ടെന്ന് സാംസങ് വാർത്താകുറിപ്പിൽ അറിയിച്ചു. സാധാരണ രീതിയിൽ തന്നെ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു എന്നും സാംസങ് അറിയിച്ചു.
സമരം നടക്കുകയാണെങ്കിലും അത് പ്ലാൻ്റിലെ നിർമാണപ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനകം തന്നെ സാംസങ് കരാർ തൊഴിലാളികളെ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഫാക്ടറിയ്ക്കുള്ളിൽ സമരം നടത്തുന്ന തൊഴിലാളികൾ മാറാൻ തയ്യാറല്ല. റെഫ്രിജറേറ്റർ നിർമ്മാണ യൂണിറ്റിലാണ് പ്രശ്നമുണ്ടായതെന്ന് തൊഴിലാളി യൂണിയൻ അറിയിച്ചു. കമ്പനിയിൽ പ്രശ്നങ്ങളുണ്ടായെന്നത് സത്യമാണ്. തൊഴിലാളുടെ ഭാഗം കേൾക്കാതെയാണ് അവരെ കമ്പനി പിരിച്ചുവിട്ടത്. അതുകൊണ്ട് തന്നെ പണിമുടക്ക് തുടരും. ആവശ്യം അംഗീകരിക്കുന്നത് വരെ കമ്പനി ഓഫീസിന് മുന്നിൽ തൊഴിലാളികൾ സമരമിരിക്കും. സർക്കാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെനും സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ നേതാവ് എ സൗന്ദരരാജൻ പറഞ്ഞു.
Also Read: Elon Musk: ടിക് ടോക്കിനോട് ‘നോ’ പറഞ്ഞ് മസ്‌ക്; സ്വന്തമാക്കാൻ താൽപര്യമില്ല ! കാരണം ഇതാണ്
എന്തുകൊണ്ടാണ് തൊഴിലാളികളെ പിരിച്ചുവിട്ടതെന്ന് സാംസങ് വ്യക്തമാക്കിയിട്ടില്ല. പ്രാഥമികാന്വേഷണം നടത്തിയതിന് പിന്നാലെ, അച്ചടക്ക നടപടിയായാണ് ഇവരെ പുറത്താക്കിയത്. തൊഴിലിടത്തിലെയും തൊഴിലാളികളുടെയും സുരക്ഷയ്ക്ക് ഇത് ആവശ്യമായിരുന്നു. തൊഴിലാളികളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാംസങ് ആവശ്യമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. സർക്കാരുമായി ചർച്ചകൾ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും സാംസങ് പറഞ്ഞു.
കഴിഞ്ഞ വർഷം ഫാക്ടറിയിൽ 100 കണക്കിന് തൊഴിലാളികൾ അഞ്ച് ആഴ്ച സമരം ചെയ്തിരുന്നു. ഉയർന്ന വേതനവും യൂണിയൻ രൂപീകരണവുമായിരുന്നു ആവശ്യങ്ങൾ. കമ്പനി ആവശ്യങ്ങൾ അംഗീകരിച്ചതോടെ ഒക്ടോബറിൽ സമരം അവസാനിച്ചു. 2007ലാണ് തമിഴ്നാട്ടിലെ ഫാക്ടറി സ്ഥാപിച്ചത്. രാജ്യത്ത് സ്ഥാപിച്ച രണ്ട് ഫാക്ടറികളിൽ ഒന്നാണ് ഇത്.