AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mars: ചൊവ്വ നമ്മള്‍ വിചാരിച്ചയാളല്ല സാര്‍ ! ചുവന്ന ഗ്രഹത്തില്‍ കടലും തീരവുമുണ്ടായിരുന്നു? കണ്ടെത്തല്‍

Beach on Mars: ഹൈ ഫ്രീക്വന്‍സിയിലുള്ള റേഡിയോ വേവ് കടത്തിവിട്ടായിരുന്നു പരീക്ഷണം. ഉപരിതലത്തിനടിയില്‍ 80 മീറ്റര്‍ വരെ പരിശോധിച്ചു. മണലിന് സമാനമായ സവിശേഷതകളുള്ള ലെയറുകള്‍ റഡാര്‍ ചിത്രത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഇതിലൂടെ ബീച്ചുകള്‍ക്ക് സമാനമായ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി

Mars: ചൊവ്വ നമ്മള്‍ വിചാരിച്ചയാളല്ല സാര്‍ ! ചുവന്ന ഗ്രഹത്തില്‍ കടലും തീരവുമുണ്ടായിരുന്നു? കണ്ടെത്തല്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 25 Feb 2025 20:15 PM

ചൊവ്വയില്‍ പ്രാചീന കാലത്ത് കടലും തീരവുമുണ്ടായിരുന്നിരിക്കാമെന്ന് സംശയിച്ച് ഗവേഷകര്‍. ചൈനയുടെ ഷുറോങ് റോവറില്‍ നിന്ന് ലഭിച്ച ഡാറ്റയില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ചൊവ്വയുടെ വടക്കൻ സമതലങ്ങളിൽ വളരെക്കാലം മുമ്പ് നിലനിന്നിരുന്നേക്കാവുന്ന ഒരു വലിയ സമുദ്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന തെളിവുകളാണ് ഉപരിതലത്തിനടിയില്‍ ഗവേഷകര്‍ കണ്ടെത്തിയത്.

ഏകദേശം 3.5 മുതൽ 4 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, അതായത് ചൊവ്വയ്ക്ക് കട്ടിയുള്ള അന്തരീക്ഷവും ചൂടുള്ള കാലാവസ്ഥയും (ഇപ്പോള്‍ തണുപ്പ്) ഉണ്ടായിരുന്ന കാലത്ത്‌ സമുദ്രം നിലനിന്നിരുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ കണ്ടെത്തലുകൾ. ഡ്യൂട്ടെറോണിലസ് എന്നാല്‍ ഈ സാങ്കല്‍പിക സമുദ്രങ്ങളെ നേരത്തെ വിളിച്ചിരുന്നത്.

ജീവജാലങ്ങള്‍ അവിടെയുണ്ടായിരുന്നിരിക്കാമെന്നും ഗവേഷകര്‍ സംശയിക്കുന്നു. 2021 മെയ് മുതൽ 2022 മെയ് വരെയാണ് റോവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പുരാതന തീരപ്രദേശത്തെ സൂചിപ്പിക്കുന്ന ഉപരിതല സവിശേഷതകളുള്ള പ്രദേശത്ത്‌ ഏകദേശം 1.2 മൈൽ ദൂരമാണ് റോവര്‍ സഞ്ചരിച്ചത്.

Read Also : Astronaut Don Pettit: ഇത് സംഭവം കൊള്ളാം..! ബഹിരാകാശത്ത് പാൻറ്‌സിൽ രണ്ട് കാലുകളും ഒരേസമയം ഇടാം; വീഡിയോ പങ്കുവച്ച് ഡോൺ പെറ്റിറ്റ്

ഹൈ ഫ്രീക്വന്‍സിയിലുള്ള റേഡിയോ വേവ് കടത്തിവിട്ടായിരുന്നു പരീക്ഷണം. ഉപരിതലത്തിനടിയില്‍ 80 മീറ്റര്‍ വരെ പരിശോധിച്ചു. മണലിന് സമാനമായ സവിശേഷതകളുള്ള ലെയറുകള്‍ റഡാര്‍ ചിത്രത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഇതിലൂടെ ഭൂമിയിലെ ബീച്ചുകള്‍ക്ക് സമാനമായ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി.

3.5 ബില്യൺ വർഷങ്ങൾക്കിടെ ചൊവ്വയുടെ ഉപരിതലം ഗണ്യമായി മാറിയെന്നും, എന്നാൽ റഡാർ ഉപയോഗിച്ച് ഉപരിതലത്തിൽ നിന്ന് തീരദേശ നിക്ഷേപങ്ങളുടെ നേരിട്ടുള്ള തെളിവുകൾ തങ്ങള്‍ കണ്ടെത്തിയെന്നും ചൈനയുടെ ടിയാൻവെൻ-1 ദൗത്യത്തിന്റെ ശാസ്ത്ര സംഘത്തിലെ അംഗവും ഗ്വാങ്‌ഷോ സർവകലാശാലയിലെ പ്ലാനേറ്ററി ഗവേഷകനുമായ ഹായ് ലിയു പറഞ്ഞു.

ഭൂമിയിലേതിന് സമാനമായ പ്രക്രിയകളിലൂടെയാണ് ബീച്ചുകൾ രൂപപ്പെട്ടതെന്നും പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ കൂടിയായ ലിയു വ്യക്തമാക്കി.

കടൽത്തീരങ്ങൾ മുൻകാല ജീവന്റെ തെളിവുകൾ തേടുന്നതിനുള്ള മികച്ച സ്ഥലങ്ങളാണെന്നായിരുന്നു പഠനത്തില്‍ പങ്കെടുത്ത ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്ലാനേറ്ററി ഗവേഷകന്‍ മൈക്കല്‍ മാംഗ പറഞ്ഞത്.