Shubham Shukla: സാങ്കേതിക പ്രശ്നം പരിഹരിച്ചു; ചരിത്ര യാത്രയ്ക്കൊരുങ്ങി ശുഭാംശു ശുക്ല
Shubhanshu Shukla’s Axiom-4 Mission : യാത്ര വിജയിച്ചാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു ശുക്ല. ഇതിനു പുറമെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ശുക്ലയായിരിക്കും.

Shubham Shukla
ന്യൂഡൽഹി: സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് ചരിത്ര യാത്രയ്ക്കൊരുങ്ങി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. ജൂൺ 19നാണ് ശുഭാംശു ശുക്ലയടങ്ങുന്ന സംഘം യാത്ര തിരിക്കുന്നത്. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.
പലതവണ മാറ്റിവച്ച യാത്രയാണ് ഒടുവിൽ 19ന് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. യാത്ര വിജയിച്ചാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു ശുക്ല. ഇതിനു പുറമെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ശുക്ലയായിരിക്കും.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക് പോകുന്നത്. 14 ദിവസം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഇവർ ചിലവഴിക്കും.
Also Read:ടെക്‌നോളജി പേടിയില്‍ മുതിര്‍ന്ന പൗരന്മാര്‍; 66 ശതമാനം പേര്‍ക്കും ആശയക്കുഴപ്പം
റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രക്കാർ ഇരിക്കുക. അമേരിക്കയിൽ നിന്നുള്ള പരിചയസമ്പന്നയായ ഗഗനചാരി പെഗ്ഗി വിറ്റ്സൻ ആണ് യാത്ര നയിക്കുന്നത്. ഇവർക്കുപുറമെ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരുമുണ്ട്.
മെയ് 29നായിരുന്നു ആദ്യ യാത്ര നിശ്ചയിച്ചിരുന്നത്.പിന്നീടത് ജൂൺ 10 ലേക്കും അവിടെ നിന്ന് ജൂൺ 11 -ലേക്കും നിശ്ചയിക്കുകയായിരുന്നു.എന്നാൽ വീണ്ടും വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകാതിരുന്നതിനെ തുടർന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവച്ചത്. എന്നാൽ കഴിഞ്ഞ തവണ ഗുരുതരമായ സാങ്കേതിക പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദൗത്യം മാറ്റിവച്ചത്.