Whatsapp: ഒടുവിൽ വാട്സപ്പിലും പരസ്യങ്ങളെത്തുന്നു; പുതിയ പരിഷ്കരണം അറിയിച്ച് സക്കർബർഗ്
Advertisements In Whatsapp: വാട്സപ്പിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി മെറ്റ. വ്യക്തിഗത ചാറ്റുകളെ ബാധിക്കാത്ത തരത്തിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് മെറ്റ അറിയിച്ചു.

ഒടുവിൽ വാട്സപ്പിലും പരസ്യങ്ങളെത്തുന്നു. ഏറെക്കാലമായി ക്ലീൻ ഇൻ്റർഫേസ് കാത്തുസൂക്ഷിച്ച വാട്സപ്പ് ഒടുവിൽ പരസ്യം കാണിക്കാൻ തയ്യാറെടുക്കുകയാണെന്ന് വാട്സപ്പിൻ്റെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. ഈ മാസം 16 തിങ്കളാഴ്ചയാണ് തൻ്റെ വാട്സപ്പ് ചാനലിലൂടെ സക്കർബർഗ് ഇക്കാര്യം അറിയിച്ചത്.
വാട്സപ്പ് അപ്ഡേറ്റ്സ് ടാബിലാവും പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ചാറ്റുകളെ പരസ്യം ബാധിക്കില്ല എന്ന് മെറ്റ അറിയിച്ചു. അപ്ഡേറ്റ് ടാബിൽ സാധാരണയായി സ്റ്റാറ്റസുകളും ചാനലുകളുമൊക്കെയാണ് കാണുക. ഇവിടെയാവും പരസ്യം പ്രദർശിപ്പിക്കുക. ചാറ്റ് അടക്കമുള്ള മറ്റിടങ്ങളിൽ പരസ്യങ്ങളുണ്ടാവില്ല. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ തന്നെ തുടരും. ഈ ചാറ്റുകളിൽ നിന്നുള്ള വിവരങ്ങളൊന്നും പരസ്യത്തിനായി ഉപയോഗിക്കില്ല. ചാറ്റുകളെ ബാധിക്കാത്ത നിലയിൽ വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണെന്ന് മെറ്റ പറയുന്നു.
“വ്യക്തിഗത ചാറ്റുകളെ ബാധിക്കാത്ത തരത്തിൽ ബിസിനസ് മെച്ചപ്പെടുത്താനുള്ള പദ്ധതികൾ വർഷങ്ങളായി ഞങ്ങൾ ആലോചിക്കുന്നുണ്ട്. അപ്ഡേറ്റ്സ് ടാബ് ആണ് അതിന് ഡേറ്റവും നല്ല സ്ഥലം.”- മെറ്റ വിശദീകരിച്ചു.




വാട്സപ്പിൻ്റെ മുകളിലോ താഴെയോ ആയിട്ടാണ് അപ്ഡേറ്റ്സ് ടാബുള്ളത്. ഇൻസ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായ നിലയിൽ പോസ്റ്റുകൾ ഷെയർ ചെയ്യാനും കാണാനും കഴിയുന്ന സ്ഥലമാണ് ഇത്. ദിവസേന 1.5 ബില്ല്യൺ ആളുകൾ ഈ സെക്ഷനിൽ എത്താറുണ്ടെന്നാണ് മെറ്റ പറയുന്നത്. ഇനി മുതൽ ഇവിടെ ഉപഭോക്താക്കളുടെ പോസ്റ്റുകൾക്കൊപ്പം സ്റ്റാറ്റസ് ആഡുകളും ചാനൽ പ്രമോഷനുകളും പ്രത്യക്ഷപ്പെടും. ഉപഭോക്താക്കളുടെ സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കിടെയാവും പരസ്യങ്ങൾ. ഇത് വ്യക്തിപരമായ ചാറ്റുകളെ ബാധിക്കാതെ പരസ്യങ്ങൾ നൽകാനുള്ള സാധ്യതയാണെന്ന് മെറ്റ പറയുന്നു. ഈ പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ ബ്രാൻഡ് പേജിലാവും എത്തുക. ഇങ്ങനെ പരസ്യങ്ങളിലൂടെ ആളുകൾക്ക് ബ്രാൻഡ് പരിചയം നൽകാനാവുമെന്നും മെറ്റ പറയുന്നു.