Whatsapp: ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വാട്സപ്പിലേക്ക് പ്രൊഫൈൽ ഫോട്ടോ ഇംപോർട്ട് ചെയ്യാം; പുതിയ ഫീച്ചർ എത്തുന്നു
Profile Image Import To Whatsapp: വാട്സപ്പിലേക്ക് പ്രൊഫൈൽ ഫോട്ടോ ഇംപോർട്ട് ചെയ്യാനുള്ള ഫീച്ചറുമായി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകളിൽ നിന്നാണ് ഇത് സാധ്യമാവുക.

വാട്സപ്പ്
ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വാട്സപ്പിലേക്ക് പ്രൊഫൈൽ ഫോട്ടോ ഇംപോർട്ട് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി മെറ്റ. തങ്ങളുടെ മൂന്ന് ആപ്പുകളും സിങ്ക് ചെയ്യുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്സപ്പിൻ്റെ ബീറ്റ വേർഷൻ 2.25.21.23ൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ യൂസർമാർക്ക് ഫീച്ചർ ലഭിക്കും.
ഇൻസ്റ്റഗ്രാം – ഫേസ്ബുക്ക് ക്രോസ് പോസ്റ്റിങ് ഇപ്പോൾ നിലവിലുണ്ട്. ഇതിനോട് സമാനമാണ് വാട്സപ്പിൽ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ. വാട്സപ്പ് പ്രൊഫൈൽ സെറ്റിങ്സിൽ ചെന്ന് ചേഞ്ച് പ്രൊഫൈൽ പിക്ചർ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ഇൻസ്റ്റഗാം, ഫേസ്ബുക്ക് എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്താൽ അതാത് പ്രൊഫൈലുകളിലെ പ്രൊഫൈൽ പിക്ചർ വാട്സപ്പിലും അപ്ഡേറ്റാവും. നിലവിൽ പ്രൊഫൈൽ പിക്ചറായി ഗ്യാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കാനോ ക്യാമറ ഉപയോഗിച്ച് നേരിട്ട് ക്യാപ്ചർ ചെയ്യാനോ ഉള്ള ഓപ്ഷനുകളാണ് വാട്സപ്പിൽ ഉള്ളത്. അതല്ലെങ്കിൽ അവതാർ തിരഞ്ഞെടുക്കുകയോ എഐ ഇമേജ് ജെനറേറ്റ് ചെയ്യുകയോ ആവാം. ഇതിനൊപ്പമാണ് പുതിയ ഫീച്ചർ.
Also Read: Whatsapp: മെറ്റയുമായി ഇനി റിയൽ ടൈം വോയിസ് ചാറ്റ്; പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു എന്ന് വാട്സപ്പ്
ഓപ്ഷൻ ഉപയോഗിക്കണമെങ്കിൽ വാട്സപ്പുമായി മറ്റ് രണ്ട് അക്കൗണ്ടുകളും സിങ്ക് ചെയ്തിരിക്കണം. മെറ്റ അക്കൗണ്ട്സ് സെൻ്ററിൽ മൂന്ന് അക്കൗണ്ടുകളും സിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ പ്രൊഫൈൽ പിക്ചർ ഇങ്ങനെ മാറ്റാനാവും. ഈ വർഷാരംഭത്തിലാണ് മെറ്റ അക്കൗണ്ട് സെൻ്ററിലേക്ക് വാട്സപ്പിനെ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മറ്റൊരു ഫീച്ചറും വാട്സപ്പ് അവതരിപ്പിച്ചിരുന്നു. വാട്സപ്പിലെ മെറ്റ എഐയുമായി തത്സമയ വോയിസ് ചാറ്റിങ് ഓപ്ഷനാണ് ഈ ഫീച്ചർ. നിലവിൽ ടെക്സ്റ്റ് പ്രോംപ്റ്റുകളിലൂടെയാണ് മെറ്റയുമായുള്ള വാട്സപ്പ് ചാറ്റിങ് സാധ്യമാവുന്നത്. ഇതിനൊപ്പം തത്സമയ വോയിസ് ചാറ്റിങ് കൂടി മെറ്റ അവതരിപ്പിക്കുകയാണ്. ഇതും ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായിട്ടുണ്ട്.