YouTube Premium Lite: യൂട്യൂബ് പ്രീമിയത്തിന് ഇനി കുറഞ്ഞ വില; ലൈറ്റ് പ്ലാനുകൾ അവതരിപ്പിക്കുക നാല് രാജ്യങ്ങളിൽ
YouTube Premium Lite Plan: പ്രീമിയം ലൈറ്റ് പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. ആദ്യ ഘട്ടത്തിൽ നാല് രാജ്യങ്ങളിൽ യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ അവതരിപ്പിക്കും. ഇതേപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

യൂട്യൂബ് പ്രീമിയം ലൈറ്റ് അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ പരസ്യങ്ങളില്ലാത്ത പ്രീമിയം ലൈറ്റ് പ്ലാനുകൾ നാല് രാജ്യങ്ങളിലാണ് യൂട്യൂബ് അവതരിപ്പിക്കുക. യൂട്യൂബ് പ്രീമിയം ലൈറ്റ് എന്ന് ഇതറിയപ്പെടും. മാസങ്ങളായുള്ള പരീക്ഷണത്തിന് ശേഷമാണ് യൂട്യൂബ് ഔദ്യോഗികമായി പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ പുറത്തുവിട്ടത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ പൂർണമായും പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം.
ഓസ്ട്രേലിയ, ജർമ്മനി, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലാവും ആദ്യ ഘട്ടത്തിൽ യൂട്യൂബ് പ്രീമിയം ലൈറ്റ് അവതരിപ്പിക്കുക. അമേരിക്കൻ ഡോളറിൽ മാസം 13.99 ഡോളറിൽ (ഇന്ത്യൻ കറൻസിയിൽ ആയിരം രൂപ) താഴെ മാത്രമാവും യൂട്യൂബ് പ്രീമിയം ലൈറ്റ് സ്ബസ്ക്രിപ്ഷൻ്റെ തുക. ഇതാണ് അമേരിക്കയിൽ പ്രീമിയം പ്ലാൻ്റെ വില. ഇതിൽ കുറവാവും പ്രീമിയം ലൈറ്റ് പ്ലാന് നൽകേണ്ടത്. പ്രീമിയം ലൈറ്റ് പ്ലാന് നൽകേണ്ട തുക എത്രയാണെന്ന് വ്യക്തമല്ല. പ്രീമിയം ലൈറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് സംഗീതവിഡിയോകളിൽ പരസ്യങ്ങൾ കാണേണ്ടിവരും. മറ്റ് തരം വിഡിയോകൾ കാണുന്നവർക്ക് പരസ്യമില്ലാതെ ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിയും.
റിപ്പോർട്ടുകളനുസരിച്ച് പ്രീമിയം ലൈറ്റ് പ്ലാൻ സംഗീത വിഡിയോകളല്ലാത്ത വിഡിയോകൾ കാണുന്നവരെ സഹായിക്കുന്നതാണ്. സംഗീതവിഡിയോകൾ പരസ്യങ്ങളില്ലാതെ കാണാൻ താത്പര്യമുള്ളവർക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ തന്നെ എടുക്കേണ്ടിവരും. മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം.




ഈ വിഷയത്തിൽ ഏറെ വൈകാതെ തന്നെ യൂട്യൂബ് ഔദ്യോഗിക പ്രതികരണം പുറത്തുവിടുമെന്നാണ് വിവരം. ഏറെക്കാലമായി പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പലയിടത്തും പരീക്ഷിച്ചുവരികയാണെന്ന് യൂട്യൂബ് അറിയിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. താമസിയാതെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കും. ഇന്ത്യയിൽ 149 രൂപയാണ് പ്രതിമാസം യൂട്യൂബ് പ്രീമിയത്തിനായി മുടക്കേണ്ടത്. വിദ്യാർത്ഥികൾക്ക് 99 രൂപ. പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാൻ ആസ്വദിക്കാം. യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്ക്രിപ്ഷൻ പ്രതിമാസം 119 രൂപയ്ക്കും ലഭിക്കും.