Trump Putin Meeting: നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ട്രംപും, പുടിനും; ലോകത്തിന്റെ കണ്ണുകള്‍ അലാസ്‌കയിലേക്ക്
Donald Trump Vladimir Putin Alaska summit: അലാസ്‌ക ഉച്ചകോടി ഇന്ത്യയ്ക്കും വളരെ പ്രധാനമാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയത്. ട്രംപ് പുടിന്‍ കൂടിക്കാഴ്ചയില്‍ സമവായമുണ്ടായാല്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തിയേക്കാം

ഡൊണാള്‍ഡ് ട്രംപ്, വ്‌ളാദിമിര്‍ പുടിന്‍
അലാസ്‌ക: റഷ്യന്‍ യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അലാസ്‌കയില്‍ നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് കണ്ണുംനട്ട് ലോകരാജ്യങ്ങള്‍. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ്, റഷ്യൻ ഉദ്യോഗസ്ഥർ അലാസ്കയില്‍ ഒത്തുച്ചേരും. ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ച വിജയിക്കാന്‍ 25 ശതമാനം സാധ്യതയുണ്ടെന്നാണ് ട്രംപ് നേരത്തെ പ്രതികരിച്ചത്. എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കി ചര്‍ച്ചകളുടെ ഭാഗമല്ല. ട്രംപ്, പുടിന്‍ കൂടിക്കാഴ്ച യുഎസ് സൈനിക താവളത്തിലാകും നടക്കുന്നത്.
റഷ്യ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണമെന്നും, അല്ലെങ്കില്‍ കടുത്ത ഉപരോധ നടപടികളിലേക്ക് നീങ്ങുമെന്നും ട്രംപ് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുക്രൈന്റെ ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള ധാരണയ്ക്ക് നീക്കം നടക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യുക്രൈനെ ഒരു തരത്തിലും വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സെലെന്‍സ്‌കി രംഗത്തെത്തിയിരുന്നു. രാവിലെ 11.30 (അലാസ്‌കയിലെ സമയം) ന് കൂടിക്കാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സംയുക്ത സമ്മേളനം നടക്കുമെന്നാണ് സൂചന.
ഉച്ചകോടിക്കായി അലാസ്ക സന്ദർശിക്കുന്ന ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട റഷ്യൻ നേതാവായിരിക്കും പുടിൻ. 1867-ൽ അമേരിക്ക മോസ്കോയിൽ നിന്ന് 7.2 മില്യൺ ഡോളറിന് വാങ്ങിയ സ്ഥലമാണ് ഇത്.
ഇന്ത്യയ്ക്കും പ്രധാനം
അലാസ്‌ക ഉച്ചകോടി ഇന്ത്യയ്ക്കും വളരെ പ്രധാനമാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയത്. ട്രംപ് പുടിന്‍ കൂടിക്കാഴ്ചയില്‍ സമവായമുണ്ടായാല്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തിയേക്കാം. ഒപ്പം റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഒത്തുതീര്‍പ്പിലായാല്‍ സ്വര്‍ണവിലയടക്കം കുറയും. എന്നാല്‍ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കില്ലെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന.
ഇന്ത്യയ്ക്ക്‌മേലുള്ള താരിഫ് വര്‍ധിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും, വ്‌ളാഡിമിർ പുടിനുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയുടെ ഫലത്തെ ആശ്രയിച്ചിരിക്കും തീരുമാനം എന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.