Donald Trump-China: താരിഫ് കളി ഇങ്ങോട്ട് വേണ്ട! ചൈനയ്ക്ക് മുന്നില്‍ മാത്രം ട്രംപിന് രക്ഷയില്ല, പത്തിമടക്കി
Brief Overview of US–China Economic Relations: ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചൈനീസ് കമ്പനിയോ വിദേശ കമ്പനിയോ 0.1 ശതമാനത്തില്‍ കൂടുതല്‍ അപൂര്‍വ ഭൗമ ലോഹങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് മുമ്പ് അനുമതി തേടിയിരിക്കണം.
ഏറെ നാളുകള്‍ക്ക് ശേഷം ചൈനയും അമേരിക്കയും തമ്മില്‍ വീണ്ടും വ്യാപാര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ആഗോള ഭീമന്മാരായ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരടിക്കുന്നത് ലോകത്തെയാകെ സമ്മര്‍ദ്ദത്തിലാഴ്ത്തും. അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച നിയന്ത്രണങ്ങളാണ് കയ്യിലെ ഏക ആയുധമായ താരിഫ് പ്രയോഗിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും പ്രേരിപ്പിച്ചത്. ഇതോടെ അത്രയും നാള്‍ പുകയായി മാത്രം ഉയര്‍ന്നിരുന്ന അമര്‍ഷങ്ങള്‍ അണപ്പൊട്ടിയൊഴുകി.
വീണ്ടും സംഘര്‍ഷത്തിലേക്ക്
ചൈനയിലുള്ള അപൂര്‍വ ഭൗമ ലോഹങ്ങള്‍, സെമികണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ സാങ്കേതിക വിദ്യകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണമുണ്ട്. എന്നാല്‍ അപൂര്‍വ ലോഹങ്ങള്‍ക്ക് ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതാണ് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നതിലേക്ക് എത്തിച്ചത്. ദേശീയ സുരക്ഷാ നടപടിയുടെ ഭാഗമായാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് ചൈന പറയുന്നത്. എന്നാല്‍ അതുമാത്രമല്ല കാരണം, ചൈനീസ് സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് മേല്‍ യുഎസ് കൊണ്ടുവന്ന നിയന്ത്രണങ്ങളും ചൈനയുടെ പുത്തന്‍ തീരുമാനത്തിലുണ്ടെന്ന് അനുമാനിക്കാം.
ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചൈനീസ് കമ്പനിയോ വിദേശ കമ്പനിയോ 0.1 ശതമാനത്തില്‍ കൂടുതല്‍ അപൂര്‍വ ഭൗമ ലോഹങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് മുമ്പ് അനുമതി തേടിയിരിക്കണം. വിദേശ സൈനിക ഉപയോഗത്തിനായി ഈ ലോഹങ്ങള്‍ കയറ്റുമതി ചെയ്യുന്നതും ചൈന നിരോധിച്ചു.




ലോകത്തിലെ അപൂര്‍വ ഭൗമ ധാതുക്കളുടെ 90 ശതമാനവും ചൈനയിലാണ്. ഒക്ടോബര്‍ 14 മുതല്‍ യുഎസ് കപ്പലുകള്‍ക്ക് അധിക പോര്‍ട്ട് ഫീസ് ഏര്‍പ്പെടുത്തിയും യുഎസ് ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിനെതിരെ ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചും ചൈന മറ്റൊരു വഴിയിലൂടെ യുഎസിനെ കടന്നാക്രമിക്കുന്നുണ്ട്.
തീരുവയെന്ന വജ്രായുധം
ചൈനയുടെ നീക്കം ട്രംപിനെ കുഴപ്പത്തിലാക്കി. ചൈനയുടെ നടപടികളില്‍ താന്‍ അസ്വസ്ഥനാണെന്ന് പറഞ്ഞ ട്രംപ് പിന്നാലെ നവംബര്‍ 1 മുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ചൈനീസ് ഇറക്കുമതിയുടെ മൊത്തത്തിലുള്ള താരിഫ് 130 ശതമാനമായി.
തിരിച്ചടിച്ച് ചൈന
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ കനത്ത ഭാഷയില്‍ തന്നെ ചൈന തിരിച്ചടിച്ചു. ഇരട്ടത്താപ്പ് എന്നാണ് ചൈന ഈ നടപടിയെ വിശേഷിപ്പിച്ചത്. വളരെ കാലമായി അമേരിക്ക ചൈനയ്‌ക്കെതിരെ വിവേചനപരമായ നടപടികള്‍ സ്വീകരിക്കുകയാണ്. വിവിധ ഉത്പന്നങ്ങളില്‍ ലോങ് ആം അധികാരപരിധി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. യുഎസിന്റെ കയറ്റുമതി നിയന്ത്രണ പട്ടികയിലുള്ള 3000 ത്തിലധികം ഇനങ്ങളില്‍ ചൈനയുടേത് 900 ഓളമാണ്. എല്ലായ്‌പ്പോഴും ഉയര്‍ന്ന താരിഫ് എന്ന ഭീഷണി മുഴക്കുന്നത് ചൈനയുമായി ഇടപഴകാനുള്ള ശരിയായ മാര്‍ഗമല്ല. താരിഫുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാട് സ്ഥിരമായി തുടരുന്നു. ഞങ്ങള്‍ക്ക് അത് വേണ്ട, പക്ഷെ താരിഫിനെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് ചൈന സധൈര്യം ട്രംപിനെ അറിയിച്ചു.
മലക്കംമറിഞ്ഞ് ട്രംപ്
പൊതുവേ ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ചൈനയ്ക്ക് കുലക്കമുണ്ടാകാറില്ല. ട്രംപ് ഉയര്‍ത്തുന്ന താരിഫുകളോട് പോരാടി വിജയം നേടാനും രാജ്യത്തിന് സാധിക്കാറുണ്ട്. താരിഫ് കളി വേണ്ടെന്ന ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെ പ്ലേറ്റ് മാറ്റാന്‍ ട്രംപിന് അധിക സമയം വേണ്ടി വന്നില്ല. ചൈനയെ ദ്രോഹിക്കാനല്ല, സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വലിയവനാണെന്നെല്ലാം പറഞ്ഞ്, ട്രംപ് കാര്യങ്ങള്‍ പരിഹരിക്കാനുള്ള പാലം തുറന്നുകൊടുത്തു. നിലവില്‍ ചൈനയുടെ കോര്‍ട്ടിലാണ് പന്തിരിക്കുന്നത്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല
2017 മാര്‍ച്ചില്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായതിന് തൊട്ടുപിന്നാലെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ശനമായ താരിഫ് നടപ്പാക്കുന്നതിന് ആവശ്യപ്പെടുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചു. 2017 ഏപ്രിലില്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഷി ജിന്‍പിങ്ങും ട്രംപും യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനായി 100 ദിവസത്തെ വ്യാപാര ചര്‍ച്ച പദ്ധതിയില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ജൂലൈ മാസത്തോടെ പരാജയപ്പെട്ടു. ശേഷം ആ വര്‍ഷം തന്നെ ഓഗസ്റ്റില്‍ യുഎസിന്റെ ബൗദ്ധിക സ്വത്തവകാശ മോഷണവുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈ നടപടി പ്രതിവര്‍ഷം 600 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാക്കുമെന്ന് അമേരിക്ക വിലയിരുത്തി.
2018 ജനുവരിയില്‍ ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകള്‍ക്ക് 30 ശതമാനം തീരുവയാണ് യുഎസ് പ്രഖ്യാപിച്ചത്. ഈ സോളാര്‍ പാനലുകളില്‍ ഭൂരിഭാഗവും വരുന്നത് ചൈനയില്‍ നിന്നാണ്. ഇതോടെ ചൈനയുടെ തിരിച്ചടി കനത്തില്‍ തന്നെ യുഎസിന് കിട്ടി. 2018 ഏപ്രിലില്‍ ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് ചൈന തീരുവ ചുമത്തി. പഴങ്ങള്‍, പരിപ്പ്, വൈന്‍, സ്റ്റീല്‍ പൈപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നു അവയില്‍. 15 ശതമാനം തീരുവയാണ് ചുമത്തിയത്. ഇതിന് പുറമെ 25 ശതമാനം നികുതി പന്നിയിറച്ചി പുനരുപയോഗിച്ച അലുമിനിയം ഉള്‍പ്പെടെയുള്ള ആറ് വസ്തുക്കള്‍ക്കും ചുമത്തി.
ഇവിടംകൊണ്ടും ട്രംപ് അവസാനിപ്പിച്ചില്ല, ഒരു ദിവസത്തിന് ശേഷം എയ്‌റോസ്‌പേസ്, മെഷിനറി, മെഡിക്കല്‍ വ്യവസായങ്ങളില്‍ നിന്നുള്ള ഏകദേശം 50 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് ഉത്പന്നങ്ങള്‍ 25 ശതമാനം നികുതിയും തിരിച്ചടിയായി ചുമത്തി. വിമാനങ്ങള്‍, ഓട്ടോമൊബൈലുകള്‍, സോയാബീന്‍, രാസവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 50 ബില്യണ്‍ വിലമതിക്കുന്ന ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ചുമത്തി ചൈനയും ശക്തമായി പ്രതികരിച്ചു.
ഈ നടപടി ഇരുരാജ്യങ്ങളും മൂന്ന് റൗണ്ട് കൂടി ആവര്‍ത്തിച്ചു. 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരുന്നതും 2019 ജനുവരി 1 മുതല്‍ 25 ശതമാനമായി വര്‍ധിക്കുമെന്ന് കരുതപ്പെടുന്നതുമായ 200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയും ബാധകമായിരുന്നു.
വീണ്ടും പരാജയം
2018ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ താരിഫുകള്‍ അവസാനിപ്പിക്കാന്‍ സമ്മതിച്ചെങ്കിലും വ്യാപാര കരാറില്‍ പരാജയപ്പെട്ടു. ശേഷം ട്രംപ് വീണ്ടും 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി താരിഫ് ഉയര്‍ത്തി. അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഭാഗങ്ങളും ഘടകങ്ങളും വാങ്ങിക്കുന്നതില്‍ നിന്ന് ചൈനീസ് ടെക്‌നോളജി കമ്പനിയായ ഹുവാവേയെ 2019 മെയില്‍ യുഎസ് വിലക്കി.
Also Read: Donald Trump-China: ചൈനയെ ദ്രോഹിക്കാനല്ല, സഹായിക്കാനാണ് യുഎസിന് താത്പര്യം; മലക്കംമറിഞ്ഞ് ട്രംപ്
കരാറിലെത്തി
2019 ജൂണില്‍ ട്രംപും പിങ്ങും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് സമ്മതിച്ചു. ശേഷം 2020 ജനുവരിയില്‍ കരാറില്‍ ഒപ്പുവെച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിന്റെ യുഎസ് സാധനങ്ങളും സേവനങ്ങളും അധികമായി ചൈന വാങ്ങിക്കണമെന്ന നിബന്ധന കരാറിലുണ്ടായിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്തവയൊന്നും തന്നെ ചൈന വാങ്ങിയില്ല.
ശേഷം ട്രംപിന് പിന്നാലെ അധികാരത്തിലെത്തിയ ബൈഡന്‍ 2022 ഒക്ടോബറില്‍ ചൈനയ്ക്ക് സെമികണ്ടക്ടറുകളും ചിപ്പ് നിര്‍മ്മാണ ഉപകരണങ്ങളും വില്‍ക്കുന്നതിന് പുതിയ നിയന്ത്രണം കൊണ്ടുവന്നു. ഈ നിയന്ത്രണങ്ങള്‍ 2023 ഒക്ടോബറിലും 2024 ഡിസംബറിലും വിപുലീകരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ സെല്ലുകള്‍, സ്റ്റീല്‍, അലുമിനിയം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ തീരുവയും ഉയര്‍ത്തി.
താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ചൈനീസ് ഇറക്കുമതികള്‍ക്ക് 60 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ശേഷം എല്ലാ ചൈനീസ് ഇറക്കുമതികള്‍ക്കും 10 തീരുവ 2025 ഫെബ്രുവരി 4ന് പ്രാബല്യത്തില്‍ വന്നു. ഇതോടെ അമേരിക്കന്‍ കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയ്ക്ക് തീരുവ ചുമത്തുമെന്ന് ചൈന അറിയിച്ചു.
2025 മാര്‍ച്ച് നാലിന് എല്ലാ ചൈനീസ് ഉത്പന്നങ്ങള്‍ക്കും 10 ശതമാനം അധിക തീരുവ വീണ്ടും ചുമത്തി. ചിക്കന്‍, പന്നിയിറച്ചി, സോയ, ബീഫ് എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തിയും പ്രധാന യുഎസ് കമ്പനികളുമായി ബിസിനസ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ വിപുലീകരിച്ചുമാണ് ചൈന പ്രതികരിച്ചത്.
2025 ഏപ്രില്‍ മൂന്ന് ട്രംപ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് തീരുവ ചുമത്തിയതിനൊപ്പം ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചു. ഇതോടെയാണ് ഏപ്രിലില്‍ അപൂര്‍വ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചത്. ഇപ്പോള്‍ വീണ്ടും മറ്റ് ധാതുക്കളിലും നിയന്ത്രണം കൊണ്ടുവന്നു.