Donald Trump: ട്രംപിന്റെ ആഗോള താരിഫുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധം; യുഎസ് കോടതി കണ്ടെത്തല്‍
Donald Trump Global Tariffs: താരിഫുകള്‍ ചുമത്തുന്നത് പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് അധികാരമാണെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതിന് ഭരണകൂടത്തിന് ഒക്ടോബര്‍ 14 വരെ കോടതി സമയം നല്‍കി.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന താരിഫുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് യുഎസ് കോടതി. ഇത് ട്രംപിന്റെ വിദേശനയത്തെ പോലും അട്ടിമറിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ താരിഫുകളെല്ലാം അനുവദനീയമാണെന്നായിരുന്നു ട്രംപിന്റെ വാദം. ഇക്കാര്യം കോടതി നിരസിച്ചു.
താരിഫുകള്‍ ചുമത്തുന്നത് പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് അധികാരമാണെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതിന് ഭരണകൂടത്തിന് ഒക്ടോബര്‍ 14 വരെ കോടതി സമയം നല്‍കി.
എന്നാല്‍ കോടതി വിധിയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു. അമേരിക്കന്‍ ഐക്യനാടുകളെ താരിഫ് പിന്‍വലിക്കുന്നത് നശിപ്പിക്കുമെന്ന് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഇന്ന് ഒരു ഹൈലി പാര്‍ട്ടിസെന്‍ അപ്പീല്‍ കോടതി നമ്മുടെ താരിഫുകള്‍ നീക്കം ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ അവസാനം അമേരിക്ക തന്നെ വിജയിക്കുമെന്ന് അവര്‍ക്കറിയാം എന്നായിരുന്നു ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചത്.
ഈ താരിഫുകള്‍ എപ്പോഴെങ്കിലും ഇല്ലാതായാല്‍ അത് രാജ്യത്തിന് വലിയ ദുരന്തമായിരിക്കും നല്‍കുന്നത്. അത് നമ്മെ സാമ്പത്തികമായി ദുര്‍ബലരാക്കും. നമ്മള്‍ ശക്തരായിരിക്കണം. മറ്റ് രാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന അസാധാരണമായ ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരമുള്ള താരിഫുകളെ ട്രംപ് ന്യായീകരിച്ചു.
നമ്മുടെ സംരംഭകര്‍, കര്‍ഷകര്‍ തുടങ്ങി എല്ലാവരെയും ദുര്‍ബലപ്പെടുത്തുന്ന മറ്റ് രാജ്യങ്ങള്‍, അത് സുഹൃത്തുക്കളായാലും ശത്രുക്കളായാലും ചുമത്തുന്ന വലിയ വ്യാപാരക്കമ്മികളും അന്യായമായ താരിഫുകളും താരിഫ് ഇതര വ്യാപാര തടസങ്ങളും യുഎസ് ഇനി സഹിക്കില്ല. അവരെ അതിനെല്ലാം അനുവദിച്ചാല്‍ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കും.
Also Read: Tariff Hike: താരിഫ് വന്നാല്‍ ചെരുപ്പ് പോലും ‘താങ്ങില്ല’; രക്ഷാ പാക്കേജില്‍ അഭയം തേടാന്‍ ഇന്ത്യ
തൊഴിലാളികളെ സഹായിക്കുന്നതിനും മെയ്ഡ് ഇന്‍ അമേരിക്ക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് താരിഫുകള്‍. നമുക്കെതിരെ താരിഫുകള്‍ പ്രയോഗിക്കാന്‍ വിവേകശൂന്യരായ ഭരണാധികാരികള്‍ വര്‍ഷങ്ങളോളം മറ്റുള്ളവരെ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സുപ്രീംകോടതിയുടെ സഹായത്തോടെ നമ്മുടെ രാഷ്ട്രത്തിന്റെ നേട്ടത്തിനായി അവ ഉപയോഗിക്കുന്നു. അമേരിക്കയെ വീണ്ടും സമ്പന്നവും ശക്തവുമാക്കുമെന്നും ട്രംപ് ട്രൂത്തില്‍ എഴുതി.