Narendra Modi: ട്രംപിന് മാപ്പില്ല, ഷി ജിന്‍ പിങുമായി കൈകോര്‍ക്കാന്‍ മോദി; പ്രധാനമന്ത്രി ജപ്പാനില്‍
Narendra Modi Japan Visit 2025: ജാപ്പനീസ് വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും പ്രധാനമന്ത്രി കാണും. രണ്ടാം ദിവസം ഇരു പ്രധാനമന്ത്രിമാരും അതിവേഗ ട്രെയിനില്‍ സെന്‍ഡായ് നഗരത്തിലേക്ക് യാത്ര നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ജപ്പാനിലെത്തി. 15ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയ്ക്കായാണ് മോദിയുടെ സന്ദര്‍ശനം. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങളോടെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചു, ഇതിന് പിന്നാലെ നടത്തുന്ന സന്ദര്‍ശനത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം.
സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം നടക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുന്ന കാര്യം ജപ്പാന്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ വ്യാപാരം, നിക്ഷേപം, പ്രതിരോധം, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും എത്തിച്ചേരുമെന്നും വിവരമുണ്ട്.
ജാപ്പനീസ് വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും പ്രധാനമന്ത്രി കാണും. രണ്ടാം ദിവസം ഇരു പ്രധാനമന്ത്രിമാരും അതിവേഗ ട്രെയിനില്‍ സെന്‍ഡായ് നഗരത്തിലേക്ക് യാത്ര നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ 1നുമാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചക്കോടി. ഇതിനായി പ്രധാനമന്ത്രി ചൈനീസ് നഗരമായ ടിയാന്‍ജിനിലേക്ക് പോകും.




റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവരോടൊപ്പം നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉച്ചകോടി വളരെ നിര്‍ണായകമാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ മെച്ചപ്പെടുത്തുക, തന്ത്രപരമായ പങ്കാളിത്ത ശക്തിപ്പെടുത്തുക, സാമ്പത്തിക, സാങ്കേതിക സഹകരണം വികസിപ്പിക്കുക, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായാണ് ജപ്പാനിലേക്കും ചൈനയിലേക്കും സന്ദര്‍ശനം നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം സ്ഥിരവും ഗണ്യവുമായി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇപ്പോള്‍ അവരുടെ പ്രത്യേക തന്ത്രവും ആഗോളപരമായ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടം രൂപപ്പെടുത്തുന്നതിന്‍ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.