US Visa: യുഎസ് വിസ വേണം, സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്ത് ഇന്ത്യൻ വിദ്യാർത്ഥികൾ
Indian students us visa warning: യുഎസിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിന് മുമ്പ് വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂക്ഷമമായി പരിശോധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചിരുന്നു.

അന്താരാഷ്ട്ര വിദ്യർഥികൾക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയ വെരിഫിക്കേഷൻ നിർബന്ധമാക്കി’ട്രംപ് ഭരണകൂടം. യുഎസിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിന് മുമ്പ് വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
പുതിയ തീരുമാനം യുഎസ് സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പിന് പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ തിരക്ക് കൂട്ടുകയാണ് ഇന്ത്യൻ വിദ്യാർഥികൾ.
വിസ അഭിമുഖങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപാടുകൾ, പ്രവർത്തനങ്ങൾ എന്നിവ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന ഭയത്താലാണ് ഇന്ത്യൻ വിദ്യാർഥികൾ, തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നത്. രാഷ്ട്രീയ അഭിപ്രായങ്ങൾ അല്ലെങ്കിൽ നിരുപദ്രവകരമെന്ന് തോന്നുന്ന പോസ്റ്റുകൾ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് പലരും ഭയപ്പെടുന്നുണ്ട്.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചെറിയ സൂചന പോലും വിസ നിഷേധിക്കുന്നതിന് കാരണമായേക്കാം. അതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ഇല്ലാതാക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പോസ്റ്റുകൾ വിസ അപേക്ഷയ്ക്ക് ഭീക്ഷണിയാകുമെന്ന വിസ കൗൺസിലറുടെ മുന്നറിയിപ്പിനെ തുടർന്ന് ഒരു വിദ്യാർഥി ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം യുഎസ് കോളേജ് കാമ്പസുകളിൽ വ്യാപകമായ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിലാണ്, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പരിശോധന കർശനമാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.