Donald Trump Tariff Threat: യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30% തീരുവ; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍
Donald Trump Tariff Threat On EU And Mexico: യുഎസുമായി വ്യാപാരം ചെയ്യുന്നവരില്‍ ആരെങ്കിലും പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇറക്കുമതി നികുതി ഇരട്ടിയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 1 ന് മുമ്പ് വാഷിങ്ടണുമായി പുതിയ കരാറില്‍ ഒപ്പുവെക്കുമെന്ന് 27 അംഗ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.
വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
യുഎസുമായി വ്യാപാരം ചെയ്യുന്നവരില്‍ ആരെങ്കിലും പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇറക്കുമതി നികുതി ഇരട്ടിയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 1 ന് മുമ്പ് വാഷിങ്ടണുമായി പുതിയ കരാറില്‍ ഒപ്പുവെക്കുമെന്ന് 27 അംഗ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.
ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള കത്തുകള്‍ വ്യാപാര പങ്കാളികള്‍ക്ക് യുഎസ് അയച്ചു.




യൂറോപ്യന്‍ യൂണിയനുമായുള്ള ഞങ്ങളുടെ വ്യാപാര ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വര്‍ഷങ്ങളെടുത്തു. നിങ്ങളുടെ താരിഫ്, നോണ്‍ താരിഫ്, നയങ്ങള്‍, വ്യാപാര തടസങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന വലുതും സ്ഥിരവുമായ വ്യാപാര കമ്മികളില്‍ നിന്ന് നമ്മള്‍ മാറണമെന്ന നിഗമനത്തില്‍ ഞങ്ങളെത്തി ചേര്‍ന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നിന് അയച്ച കത്തില്‍ ട്രംപ് കുറിച്ചു.
ട്രംപ് താരിഫ് ഉയര്‍ത്തിയതിന് പിന്നാലെ പ്രതികരിച്ച് നേതാക്കള്‍ രംഗത്തെത്തി. താരിഫുകള്‍ നികുതികളാണ്. അത് പണപ്പെരുപ്പത്തിന് കാരണമാകുന്നു. കൂടാതെ വലിയ അനിശ്ചിതത്വ സൃഷ്ടിക്കുകയും ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ലോകമെമ്പാടും ശക്തമായ വ്യാപാര പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നത് ഞങ്ങള്‍ തുടരുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയ ക്ലോസ പറഞ്ഞു.
ഓഗസ്റ്റ് 1ഓടെ ഒരു കരാറിലെത്തിച്ചേരാന്‍ പ്രവര്‍ത്തിക്കുന്ന തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ തയാറാണെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.