Donald Trump Tariffs: തീരുവ നയത്തിൽ ട്രംപിന് തിരിച്ചടി; നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി
Donald Trump Tariffs: മറ്റ് രാജ്യങ്ങളുമായുള്ള വാണിജ്യം നിയന്ത്രിക്കുന്നതിന് യുഎസ് കോണ്‍ഗ്രസിന് മാത്രമാണ് അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു നിരീക്ഷണം.

ഡോണാൾഡ് ട്രംപിന് തിരിച്ചടിയായി യുഎസ് ഫെഡറൽ കോടതി വിധി. അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടികൾ നിയമാനുസൃതമല്ലെന്ന് കോടതി വ്യക്തമാക്കി. മാന്‍ഹള്‍ട്ടന്‍ ആസ്ഥാനമാക്കിയുള്ള കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റേതാണ് വിധി.
മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അധിക ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം, അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന അധികാര പരിധിക്കും അപ്പുറമാണെന്ന് മൂന്നംഗ ഫെഡറല്‍ കോടതി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായുള്ള വാണിജ്യം നിയന്ത്രിക്കുന്നതിന് യുഎസ് കോണ്‍ഗ്രസിന് മാത്രമാണ് അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു നിരീക്ഷണം. ചൈയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് കോടതി നടപടി.
അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സർക്കാർ അപ്പീൽ നൽകി. ഒരു ദേശീയ അടിയന്തരാവസ്ഥ എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാരല്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കുഷ് ദേശായ് പ്രസ്താവനയിറക്കി. അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനും അമേരിക്കന്‍ മഹത്വം പുനഃസ്ഥാപിക്കുന്നതിനും എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.