India-US Relation: ‘പാകിസ്ഥാന്റെ കൈക്കൂലിയും മുഖസ്തുതിയും കാരണം ഇന്ത്യ-യുഎസ് ബന്ധം തകര്‍ന്നു’
Pakistan Influence in US - India Relation: ട്രംപിന്റെ കഴിവില്ലായ്മ മൂലമാണ് ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുന്നത്. ഇന്ത്യയിലേക്ക് തടസമില്ലാതെ ഇന്ധനം എത്തിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതിജ്ഞയെടുത്തുവെന്നും റൂബിന്‍ ചൂണ്ടിക്കാട്ടി.

ഡൊണാള്‍ഡ് ട്രംപ്, നേരേന്ദ്ര മോദി
വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് ബന്ധം തകര്‍ന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിയോ. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മാറ്റിമറിച്ച ട്രംപിന്റെ നടപടികളില്‍ യുഎസ് പൗരന്മാര്‍ അമ്പരന്നിരിക്കുകയാണ്. പാകിസ്ഥാന്റെ മുഖസ്തുതിയും കൈക്കൂലിയും കാരണമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
ട്രംപിന്റെ കഴിവില്ലായ്മ മൂലമാണ് ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുന്നത്. ഇന്ത്യയിലേക്ക് തടസമില്ലാതെ ഇന്ധനം എത്തിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതിജ്ഞയെടുത്തുവെന്നും റൂബിന്‍ ചൂണ്ടിക്കാട്ടി.
ഡൊണാള്‍ഡ് ട്രംപ് എങ്ങനെയാണ് യുഎസ്-ഇന്ത്യ ബന്ധത്തെ മാറ്റിമറിച്ചതെന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. ട്രംപിനെ എന്താണ് ഇത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് പലരും ചോദിക്കുന്നു. ഒരുപക്ഷെ പാകിസ്ഥാനികള്‍ നടത്തുന്ന മുഖസ്തുതിയായിരിക്കാം. മിക്കവാറും, പാകിസ്ഥാനികളുടെയോ തുര്‍ക്കിയിലെയും ഖത്തറിലെയും കൈക്കൂലിയാകാം. വരും ദശകങ്ങളില്‍ അമേരിക്കയെ കമ്മിയിലേക്ക് തള്ളിവിടാന്‍ പോകുന്ന വിനാശകരമായ കൈക്കൂലിയാണിതെന്നും റൂബിന്‍ പറഞ്ഞു.
യുഎസ് നേരിട്ട് റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നിട്ടാണ് ഇന്ത്യയെ അതില്‍ നിന്ന് വിലക്കുന്നത്. അതുവഴി യുഎസ് തന്റെ കാപട്യം തുറന്നുകാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്കാരുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കാനാണ് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതെന്ന് അമേരിക്കകാര്‍ മനസിലാക്കുന്നില്ല. ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി അവര്‍ ഉടനെ മാറുമെന്നും റൂബിന്‍ കൂട്ടിച്ചേര്‍ത്തു.