Saudi Arabia-Pakistan Defence Deal: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ സൗദി ഇടപെടും?
Saudi Role in India Pakistan Conflict: ഈ കരാര്‍ ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തില്‍ കരാര്‍ ഭീഷണിയാകുമോയെന്ന കാര്യം കേന്ദ്രം പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ സഹകരണം വര്‍ധപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഇരുരാജ്യത്തിനുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പരസ്പര പ്രതിരോധം വര്‍പ്പിക്കാനും കരാര്‍ സഹായിക്കും. രാജ്യങ്ങള്‍ക്കെതിരായ ഏതൊരു ആക്രമണവും ഇരുരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായും വിലയിരുത്തപ്പെടും.
എന്നാല്‍ ഈ കരാര്‍ ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തില്‍ കരാര്‍ ഭീഷണിയാകുമോയെന്ന കാര്യം കേന്ദ്രം പരിശോധിച്ച് വരികയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വീണ്ടും യുദ്ധമുണ്ടാകുകയാണെങ്കില്‍ സൗദി അതില്‍ ഇടപെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
സൗദി ഇടപെടുമോ?
നാറ്റോ ശൈലിയിലുള്ള പ്രതിരോധ ഉടമ്പടിയിലാണ് പാകിസ്ഥാനും സൗദിയും ഒപ്പുവെച്ചത്. രണ്ട് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും ഒരാള്‍ക്ക് നേരെയുള്ളതായി വിലയിരുത്തുമെന്ന വാചകം പാകിസ്ഥാന്‍ തങ്ങളുടെ വിജയമായി കണക്കാക്കുമെങ്കിലും ഇത്തരം ഫാന്റസികള്‍ക്ക് മുന്നില്‍ സൗദി വഴങ്ങില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.




കരാര്‍ ഒരിക്കലും പാകിസ്ഥാന് വേണ്ടി സൗദി ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്ന് അര്‍ത്ഥമാക്കുന്നില്ല. ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിന്ന് കരാറിനെ മാറ്റി നിര്‍ത്തുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാര്‍ പ്രത്യേക രാജ്യങ്ങളോടോ സംഭവങ്ങളോടോ ഉള്ള പ്രതികരണമല്ല. ഇന്ത്യയുമായുള്ള ബന്ധം വളരെ ശക്തമാണ്. ആ ബന്ധം വളര്‍ത്തിയെടുക്കുന്നത് തുടരുമെന്നും പ്രാദേശിക സമാധാനത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും സൗദി കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 41.88 ബില്യണ്‍ ഡോളറായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക ബന്ധം പങ്കുവെക്കുന്നു. എന്നാല്‍ പാകിസ്ഥാനും സൗദിയും തമ്മിലുള്ള വ്യാപാരം 3-4 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ സൗദി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്.