Donald Trump: എത്ര യുദ്ധങ്ങള്‍ ട്രംപ് ഇതുവരെ അവസാനിപ്പിച്ചു? പറയുന്നതെല്ലാം സത്യമാണോ?
How Many Wars Did Trump End: വെടിനിര്‍ത്തല്‍ എന്ന വാക്കുപോലും പരാമര്‍ശിക്കാതെയാണ് താന്‍ കരാറുകളെല്ലാം ഉണ്ടാക്കിയതെന്നും യുക്രെയ്ന്‍-റഷ്യ യുദ്ധം കൂടി അവസാനിക്കുന്നതോടെ അത് ഏഴായി ഉയരുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഏതെല്ലാം യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിച്ചതെന്ന് പരിശോധിക്കാം.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ ട്രംപ് പ്രഥമ പരിഗണന നല്‍കുന്നത് ഈ വിഷയത്തിനാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകളിലെ നേട്ടങ്ങളെ കുറിച്ച് ട്രംപ് തന്നെ പറയാറുമുണ്ട്. താന്‍ ഇതുവരെ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നാണ് വൈറ്റ് ഹൗസില്‍ വെച്ച് യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞത്.
വെടിനിര്‍ത്തല്‍ എന്ന വാക്കുപോലും പരാമര്‍ശിക്കാതെയാണ് താന്‍ കരാറുകളെല്ലാം ഉണ്ടാക്കിയതെന്നും യുക്രെയ്ന്‍-റഷ്യ യുദ്ധം കൂടി അവസാനിക്കുന്നതോടെ അത് ഏഴായി ഉയരുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഏതെല്ലാം യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിച്ചതെന്ന് പരിശോധിക്കാം.
ഇസ്രായേല്‍-ഇറാന്‍
ജൂണ്‍ 13നാണ് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ വിളിച്ച് കാര്യം പറഞ്ഞിരുന്നുവെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തി പ്രശ്‌നം വേഗത്തില്‍ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.




ഇന്ത്യ-പാകിസ്ഥാന്‍
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇടപെട്ടുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെയും സഹായം സംഘര്‍ഷം അവസാനിപ്പിക്കാനായി തേടിയിട്ടില്ലെന്ന് പറഞ്ഞ ഇന്ത്യ ട്രംപിന്റെ വാദം തള്ളി. എങ്കിലും താന്‍ ഇടപെട്ടുവെന്ന വാക്ക് ട്രംപ് ഇപ്പോഴും തുടരുന്നു.
റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
2025ന്റെ തുടക്കത്തില്‍ കിഴക്കന്‍ ഡിആര്‍ കോംഗോയിലെ ധാതു സമ്പന്നമായ പ്രദേശം എം23 വിമത സംഘം പിടിച്ചെടുത്തു. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ജൂണില്‍ വാഷിങ്ടണില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. യുഎസിനും അവര്‍ക്കുമിടയില്‍ വ്യാപാരം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ റുവാണ്ടയും കോംഗോയും തമ്മില്‍ ഇപ്പോഴും സംഘര്‍ഷം നടക്കുന്നുണ്ടെന്നും ഒരു വെടിനിര്‍ത്തലും ഉണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തായ്‌ലാന്‍ഡ്-കംബോഡിയ
ജൂണ്‍ 26ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ തായ്‌ലാന്‍ഡിന്റെ ആക്ടിങ് പ്രധാനമന്ത്രിയോട് താന്‍ ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിക്കാനും നിലവില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്നുവെന്ന് കുറിച്ചു. ഒരാഴ്ച നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചു.
എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മലേഷ്യ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. തായ്‌ലാന്‍ഡും കംബോഡിയയും യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ തീരുവ കുറയ്ക്കുന്നതിനുള്ള പ്രത്യേക ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ ഓഗസ്റ്റ് 7ന് കംബോഡിയയും തായ്‌ലാന്‍ഡും ഒരു കരാറിലേക്കെത്തി.
അര്‍മേനിയ-അസര്‍ബൈജാന്‍
നാഗൊര്‍ണോ-കറാബാക്കിന്റെ പദവിയുമായി ബന്ധപ്പെട്ട് ഏകദേശം 40 വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അര്‍മേനിയയും അസര്‍ബൈജാനും അറിയിച്ചിരുന്നു. ട്രംപിന്റെ ഇടപെടലാണ് അതിന് സഹായിച്ചതെന്ന് ഇരുരാജ്യത്തെ നേതാക്കളും വ്യക്തമാക്കി.
ഈജിപ്ത്-എത്യോപ്യ
നൈല്‍ നദിയിലെ അണക്കെട്ടുമായി ബന്ധപ്പെട്ടാണ് ഈജിപ്തും എത്യോപ്യയും വര്‍ഷങ്ങളായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നത്. എത്യോപ്യയിലെ ഗ്രാന്‍ഡ് എത്യോപ്യന്‍ നവോത്ഥാന അണക്കെട്ട് നൈല്‍ നദിയില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തെ ബാധിക്കുമെന്നായിരുന്നു ഈജിപ്തിന്റെ വാദം. ട്രംപ് വിഷയത്തില്‍ ഇടപെട്ടുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇതുവരെ ഒരു കരാറിലും എത്തിച്ചേര്‍ന്നിട്ടില്ല.
സെര്‍ബിയ-കൊസോവോ
സെര്‍ബിയയും കൊസോവോയും ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ തനിക്ക് സാധിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. യുദ്ധവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞുവെന്നാണ് ട്രംപ് ഈ ലോകത്തോട് പറയുന്നത്.
1990 കളിലെ ബാല്‍ക്കന്‍ യുദ്ധങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ വളരെക്കാലമായി തര്‍ക്കത്തിലാണ്. സമീപ വര്‍ഷങ്ങളില്‍ അത് വര്‍ധിച്ചുവരുന്നു. സെര്‍ബിയയും കൊസോവോയും പരസ്പരം പോരടിക്കുകയോ വെടിവെക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്ന യുദ്ധമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.