Viral Video: ഭാവിവധുവിനെ കാണാൻ യുവാവ് യാത്ര ചെയ്തത് 760 കിലോമീറ്റർ; വീടിന്റെ വാതിൽ തുറന്നത് ഭർത്താവ്, വീഡിയോ വൈറൽ
Man Travels 500 Miles to Meet Future Wife: ഫ്രഞ്ച് മോഡലായ ഭാവി വധുവിനെ കാണാനായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് പോയ യുവാവ് വീടിന്റെ കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നത് യുവതിയുടെ ഭർത്താവ്. സംഭവം ബെൽജിയത്തിലാണ്.
പ്രണയിനിയെ കാണാൻ വേണ്ടി എന്തും ചെയ്യുന്ന, എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാകുന്ന കാമുകന്മാർ ഉണ്ട്. അതുപോലെ തന്റെ കാമുകിയെ കാണാൻ 760 കിലോമീറ്റർ സഞ്ചരിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ, കഥയിൽ ഒരു ട്വിസ്റ്റ് കൂടിയുണ്ട്. ഫ്രഞ്ച് മോഡലായ ഭാവി വധുവിനെ കാണാനായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് പോയ യുവാവ് വീടിന്റെ കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നത് യുവതിയുടെ ഭർത്താവ്. സംഭവം ബെൽജിയത്തിലാണ്.
മൈക്കൽ എന്ന യുവാവാണ് തന്റെ ഭാവി വധുവെന്ന് വിശ്വസിച്ച് ഫ്രഞ്ച് മോഡൽ സോഫി വൗസെലോഡിനെ കാണാനായി 472 മൈൽ, അതായത് 760 കിലോമീറ്ററോളം സഞ്ചരിച്ചത്. എന്നാൽ, ആ യാത്ര അവസാനിച്ചത് നിരാശയിലാണ്. സോഫിയെ കാണാൻ വേണ്ടി വീട്ടുവാതിൽക്കൽ എത്തിയ മൈക്കൽ ആദ്യം കണ്ടത് സോഫിയുടെ ഭർത്താവായ 38കാരൻ ഫാബിയൻ ബൊട്ടാമൈനിനെ ആണ്.
ഇത് വീഡിയോയിൽ പകർത്തിയതും സോഫിയുടെ ഭർത്താവ് ബൊട്ടാമൈൻ തന്നെയാണ്. ‘ഒരാൾ ഡോർബെൽ അടിച്ചു, അദ്ദേഹം സോഫി വൗസ്ലോഡിന്റെ ഭാവി ഭർത്താവാണ് എന്നാണ് പറയുന്നത്. മിക്കവാറും ഇവിടെ ഒരു ഏറ്റുമുട്ടലുണ്ടാകാൻ സാധ്യത ഉണ്ട്. കാരണം ഞാൻ സോഫിയുടെ ഇപ്പോഴത്തെ ഭർത്താവാണ്’ എന്നാണ് വീഡിയോയിൽ ബൊട്ടാമൈൻ പറയുന്നത്.
വൈറൽ വീഡിയോ:
View this post on Instagram
ALSO READ: 20 വർഷത്തെ കോമ അവസാനിച്ചു; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരണപ്പെട്ടതായി സ്ഥിരീകരണം
ഒടുവിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ബൊട്ടാമൈൻ അന്വേഷിച്ചു. സത്യത്തിൽ സോഫിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ആരോ മൈക്കലിനെ കബളിപ്പിക്കുകയായിരുന്നു. മൈക്കലിനെ കുറിച്ച് ഓർക്കുമ്പോൾ സങ്കടമുണ്ട് എന്ന് ബൊട്ടാമൈൻ പറയുന്നു. ഫേക്ക് അക്കൗണ്ടുകളെ ശ്രദ്ധിക്കണം. എല്ലാവരും ജാഗ്രതയോടെ ഇരിക്കാൻ വേണ്ടിയാണ് താൻ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നും ബൊട്ടാമൈൻ പറഞ്ഞു.
മൈക്കൽ ആദ്യം സോഫി തന്നെ പറ്റിച്ചുവെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് ഫേക്ക് അക്കൗണ്ടാണെന്ന് സോഫിയുടെ ഭർത്താവ് മൈക്കലിനെ ബോധ്യപ്പെടുത്തുകയായിരുന്നു. മാത്രമല്ല, സോഫിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച ആളുടെ അക്കൗണ്ടിലേക്ക് നേരത്തെ മൈക്കൽ $35,000 (30,16,576.50 രൂപ) അയക്കുകയും ചെയ്തിരുന്നതായാണ് വിവരം.