Mexico Mass Shooting: മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോയില്‍ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു
Mass Shooting in Guanajuato: മയക്കുമരുന്ന് കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്വാനജുവാറ്റോയിലെ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോഴും അക്രണം തുടരുകയാണ്. 2025 ആരംഭിച്ച് ഇത്ര മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് 1,435 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മെക്‌സിക്കോ: മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോയിലെ ഇറാപുവാറ്റോ നഗരത്തില്‍ വെടിവെപ്പ്. തെരുവില്‍ നടന്ന ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരമ്പരാഗത സമൂഹ പരിപാടിയായ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ തിരുനാള്‍ ആഘോഷത്തിനിടെയാണ് ആക്രമണം.
ആഘോഷത്തിന്റെ ഭാഗമായി ആളുകള്‍ തെരുവില്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ അജ്ഞാതനായ തോക്കുധാരികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. ബാന്‍ഡിന്റെ താളത്തില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെ വെടിയൊച്ചകള്‍ ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗ്വാനജുവാറ്റോ. ഇവിടെ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം സാന്‍ ബാര്‍ട്ടാലോ ഡി ബെറിയോസില്‍ പള്ളി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയും വെടിവെപ്പുണ്ടായി. ഈ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.




മയക്കുമരുന്ന് കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്വാനജുവാറ്റോയിലെ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോഴും അക്രണം തുടരുകയാണ്. 2025 ആരംഭിച്ച് ഇത്ര മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് 1,435 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളമുള്ള വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. മറ്റ് മെക്‌സിക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ഇരട്ടിയാണ്.