UK Train Incident: ബ്രിട്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; ഒൻപത് പേരുടെ നില ഗുരുതരം, രണ്ടുപേർ അറസ്റ്റിൽ
London-Bound Train Incident: ട്രെയിൻ നിർത്തിയതിന് പിന്നാലെ ഉള്ളിൽ നിന്ന് ചോരയിൽ കുളിച്ചാണ് പല യാത്രക്കാരും പുറത്തിറങ്ങിയത്. 2011 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും ഇത്തരം കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്ന് സർക്കാരിൻ്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Uk Train Incident
ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനിൽ അക്രമകാരികളുടെ കത്തിക്കുത്ത്. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിങ്‌സ് ക്രോസിലേക്കുള്ള പാസഞ്ചർ ട്രെയിനിലാണ് ആക്രമണം നടന്നത്. യാത്രക്കാരായ നിരവധിപേർക്ക് കുത്തേറ്റതായാണ് വിവരം. സംഭവത്തെത്തുടർന്ന് ട്രെയിൻ ഹണ്ടിങ്ഡൺ സ്റ്റേഷനിൽ നിർത്തുകയായിരുന്നു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ യുകെ പോലീസ് അറസ്റ്റ് ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്യുന്നു. കേംബ്രിജ്‌ഷെയറിൽവെച്ച് പ്രാദേശികസമയം വൈകിട്ട് 6.25 ഓടെയാണ് ആക്രമണമുണ്ടായത്. അപകട അലാം മുഴങ്ങിയതോടെ ട്രെയിൻ ഹണ്ടിങ്ഡൺ സ്റ്റേഷനിൽ നിർത്തി. തുടർന്ന് കത്തിയുമായി നിലയുറപ്പിച്ച അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ALSO READ: കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ട്രെയിൻ നിർത്തിയതിന് പിന്നാലെ ഉള്ളിൽ നിന്ന് ചോരയിൽ കുളിച്ചാണ് പല യാത്രക്കാരും പുറത്തിറങ്ങിയതെന്ന് സംഭവസമയം ഹണ്ടിങ്ഡൺ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരൻ പറയുന്നു. ഉടൻതന്നെ മറ്റ് യാത്രക്കാരെയെല്ലാം പോലീസുകാർ സ്‌റ്റേഷന് പുറത്തേക്ക് സുരക്ഷിതമായി മാറ്റി. സംഭവത്തിൻ്റെ കാരണമോ പ്രേരണയോ എന്താണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം യാത്ര പാതിവഴിയിൽ മുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന മറ്റുയാത്രക്കാരെ ബസുകളിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെത്തുടർന്ന് ഈസ്റ്റ് കോസ്റ്റ് മെയിൻ ലൈനിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടതായും ലണ്ടൻ നോർത്ത് ഈസ്‌റ്റേൺ റെയിൽവേ അറിയിച്ചു. “ഭയാനകമായ സംഭവം ” എന്നാണ് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അക്രമത്തെ നോക്കികാണുന്നത്.
2011 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും ഇത്തരം കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്ന് സർക്കാരിൻ്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് തോക്കിന് ഏറ്റവും കൂടുതൽ കർശനമായ നിയന്ത്രണങ്ങളുള്ള സ്ഥലമാണ് ബ്രിട്ടൺ. എന്നാൽ കത്തിയുപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ ഇവിടെ വർദ്ധിച്ചുവരികയാണ്.