Shehbaz Sharif: ‘പ്രിയ സഹോദരൻ’; ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ പിന്തുണച്ചതിന് തുർക്കിക്ക് നന്ദി പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്
Pakistan Turkey: തുർക്കിക്കെതിരെ ഇന്ത്യയിൽ ബഹിഷ്കരണ ക്യാമ്പെയ്ൻ വ്യാപകമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന ഒരുപാട് പേര്‍ അത് റദ്ദാക്കിയിരുന്നു.

ഇന്ത്യക്കെതിരായ സംഘർഷത്തിൽ പിന്തുണ നൽകിയതിന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന് നന്ദി പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമൂഹമാധ്യമമായ എക്സിലൂടെയാണ് നന്ദി രേഖപ്പെടുത്തിയത്.
“എന്റെ പ്രിയ സഹോദരൻ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ഇന്ന് വൈകുന്നേരം ഇസ്താംബൂളിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചു. അടുത്തിടെയുണ്ടായ പാകിസ്താൻ – ഇന്ത്യ സംഘർഷത്തിൽ പാകിസ്താന് നൽകിയ ദൃഢമായ പിന്തുണയ്ക്ക് നന്ദി” എന്ന് ഷെഹ്ബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.
“വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ തങ്ങളുടെ ബഹുമുഖ ഉഭയകക്ഷി ഇടപെടലുകളുടെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ഈ അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രവർത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തു. പാകിസ്ഥാൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പ്രധാനമന്ത്രിക്ക് മറുപടിയായി എർദോഗൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും തന്റെ സ്നേഹം അറിയിക്കുന്നതായും ഈ കൂടിക്കാഴ്ചയിലൂടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതായും പറഞ്ഞു.
അതേസമയം തുർക്കിക്കെതിരെ ഇന്ത്യയിൽ ബഹിഷ്കരണ ക്യാമ്പെയ്ൻ വ്യാപകമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന ഒരുപാട് പേര്‍ അത് റദ്ദാക്കിയിരുന്നു.