Russia-Ukraine: യുക്രെയ്‌നില്‍ മിസൈല്‍ വര്‍ഷിച്ച് റഷ്യ; നാലുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
Russian Attack On Ukraine: റഷ്യയുടെ മിസൈലുകള്‍ രാജ്യത്ത് പതിച്ചതോടെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ യുക്രെയ്‌നില്‍ അപായ സൈറണുകള്‍ മുഴങ്ങി. കീവില്‍ മാത്രം 41 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.

യുക്രെയ്‌നില്‍ നിന്നുള്ള ദൃശ്യം
കീവ്: യുക്രെയ്‌നില്‍ കനത്ത മിസൈല്‍, ഡ്രോണാക്രമണം നടത്തി റഷ്യ. ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. നാലുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. കഴിഞ്ഞ മാസം യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തില്‍ കുറഞ്ഞത് 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണം 12 മണിക്കൂറിലധികം നീണ്ടുനിന്നു. ചെറിയ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ് റഷ്യ നടത്തിയത്. ഏകദേശം 500 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 40 ലധികം മിസൈലുകളും റഷ്യ യുക്രയ്‌നിലേക്ക് അയച്ചതായി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രസ്താവനയിലൂടെ അറിയിച്ചു.
റഷ്യയുടെ മിസൈലുകള്‍ രാജ്യത്ത് പതിച്ചതോടെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ യുക്രെയ്‌നില്‍ അപായ സൈറണുകള്‍ മുഴങ്ങി. കീവില്‍ മാത്രം 41 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
യുക്രെയ്ന് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 43 ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തയായി വ്യോമസേന അവകാശപ്പെടുന്നു. അടുത്തിടെയാണ് യുക്രെയ്‌ന് ഇസ്രായേലില്‍ നിന്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചത്.