Donald Trump: സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി യുഎഇക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി ട്രംപ്
Donald Trump UAE Visit: ബോയിങ് കമ്പനി നിര്‍മിക്കുന്ന ഹെലികോപ്റ്ററുകള്‍, ഹണിവെല്‍ ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പ്പറേറ്റഡ് നിര്‍മിച്ച എഞ്ചിനുകള്‍ തുടങ്ങിയ യുഎഇക്ക് കൈമാറും. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്ത നിവാരണം, മാനുഷിക പിന്തുണ, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി യുഎഇയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: സൗദി, ഖത്തര്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി യുഎഇക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏകദേശം 1.4 മില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്കാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കിയത്. ചിനൂക്ക് ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് യുഎഇ അമേരിക്കയില്‍ നിന്ന് വാങ്ങിക്കാന്‍ പോകുന്നതെന്നാണ് വിവരം.
ബോയിങ് കമ്പനി നിര്‍മിക്കുന്ന ഹെലികോപ്റ്ററുകള്‍, ഹണിവെല്‍ ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പ്പറേറ്റഡ് നിര്‍മിച്ച എഞ്ചിനുകള്‍ തുടങ്ങിയ യുഎഇക്ക് കൈമാറും. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്ത നിവാരണം, മാനുഷിക പിന്തുണ, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി യുഎഇയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
കൂടിക്കാഴ്ചകള്‍ക്കായി ട്രംപ് ആദ്യമെത്തുന്നത് സൗദി അറേബ്യയിലേക്കാണ്. മറ്റ് ഗള്‍ഫ് നേതാക്കളെയും ഈ കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹറിന്‍ രാജാവ് ഹമദ് അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ ജാബിര്‍ അല്‍ സബ എന്നിവര്‍ക്കാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ക്ഷണം.
അമേരിക്ക-സൗദി ആണ സഹകരണം യാഥാര്‍ഥ്യമാകുമെന്നാണ് വിവരം. ആണവ റിയാക്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്ന സൗദിയുമായി അമേരിക്ക സഹകരിക്കും. കൂടാതെ മിഡില്‍ ഈസ്റ്റ് മേഖലയിലെ അമേരിക്കന്‍ നയവും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യുമോ എന്നതിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ട്രംപിന് ആഡംബര വിമാനമായ ബോയിങ് 747 ജെറ്റ് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍ എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 400 ദശലക്ഷം ഡോളര്‍ വിലവരുന്നതാണ് ഈ വിമാനം. ഇക്കാര്യം ചര്‍ച്ചയായതിന് പിന്നാലെ തികച്ചും സുതാര്യവും പരസ്യവുമായ ഇടപാടാണ് ഇതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.