Venezuela: വെനസ്വേല ഭരിക്കാന്‍ ഞങ്ങളില്ല, ട്രംപിന്റെ ലക്ഷ്യം ലഹരിക്കടത്ത് സംഘങ്ങള്‍; വ്യക്തമാക്കി സെക്രട്ടറി
US Rejects Governing Venezuela: ഉപരോധമേര്‍പ്പെടുത്തിയ വെനസ്വേലന്‍ ടാങ്കറുകളില്‍ നിലവിലുള്ള എണ്ണ ക്വാറന്റൈന് ചെയ്യുന്നത് തുടരുമെന്നും ഇതുവഴി നയങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനായി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണ്‍: വെനസ്വേല ഭരിക്കാന്‍ അമേരിക്കയ്ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് നിലവില്‍ മാര്‍ക്കോയുടെ അഭിപ്രായം. വെനസ്വേല ഭരിക്കുമെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്.
ഉപരോധമേര്‍പ്പെടുത്തിയ വെനസ്വേലന്‍ ടാങ്കറുകളില്‍ നിലവിലുള്ള എണ്ണ ക്വാറന്റൈന് ചെയ്യുന്നത് തുടരുമെന്നും ഇതുവഴി നയങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനായി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതവും ഉചിതവും നീതിയുക്തവുമായ ഒരു മാറ്റം ഉറപ്പാക്കുന്നത് വരെ അമേരിക്ക വെനസ്വേല ഭരിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. അമേരിക്കന്‍ എണ്ണ കമ്പനികള്‍ വെനസ്വേലയുടെ പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായ പ്രസ്താവനയാണ് നിലവില്‍ മാര്‍ക്കോ റൂബിയോ നടത്തിയിരിക്കുന്നത്.
വെനസ്വേലയുമായല്ല, അവിടെ പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളുമായാണ് യുദ്ധം നടക്കുന്നതെന്നും റൂബിയോ പറയുന്നു. രാജ്യത്ത് അധിനിവേശം നടത്തിയിട്ടില്ലെന്നും നിയമപാലനത്തിന്റെ ഭാഗമായ നടപടി മാത്രമാണുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, വെനസ്വേലയില്‍ താത്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. ഒരു രാജ്യത്തിനും കോളനിയാകാന്‍ വെനസ്വേല തയാറല്ലെന്ന് ഡെല്‍സി വ്യക്തമാക്കി. ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചര്‍ച്ചകള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന് വ്യക്തമാക്കുന്നത് അനുസരിച്ച് വെനസ്വേലയില്‍ ഏകദേശം 303 ബില്യണ്‍ ബാരല്‍ അസംസ്കൃത എണ്ണയുണ്ട്. ഇത് ലോകത്തിന്റെ ആകെ എണ്ണയുടെ 20 ശതമാനമാണ്. ഏറെ നാളുകളായി വെനസ്വേലയിലെ എണ്ണ ശേഖരത്തെ ലക്ഷ്യമിടുകയാണ് അമേരിക്ക. നേരത്തെ ട്രംപ് ഭരണകൂടം ഇവിടെ അമേരിക്കന്‍ സേനയെ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ബോട്ടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.