Thailand Bus Crash: തായ്‌ലൻഡിൽ ഓടുന്ന സ്കൂൾബസിന് തീപ്പിടിച്ചു; 25 വിദ്യാർഥികൾ അധ്യാപകരും മരിച്ചതായി റിപ്പോർട്ട്
Thailand School Bus Crash:ബസിൽ 38 വിദ്യാർഥികളെ കൂടാതെ ആറ് അധ്യാപകരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി പോടോങ്ടാൻ ഷിനവത്ര കുട്ടികളുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അപകടത്തിൽപ്പെട്ട് ബസിലെ തീഅണയ്ക്കാൻ ശ്രമിക്കുന്നു. (Image Credits: TV9 Kannada News)
ബാങ്കോക്ക്: തായ്‌ലൻഡിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്‌കൂൾബസിന് (Thailand school bus crash) തീപ്പിടിച്ച് വൻ അപകടം. 25- ഓളം വിദ്യാർഥികൾക്ക് ജീവഹാനി സംഭവിച്ചതായി സംശയിക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബസിൽ 38 വിദ്യാർഥികളെ കൂടാതെ ആറ് അധ്യാപകരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി പോടോങ്ടാൻ ഷിനവത്ര കുട്ടികളുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ആകെ 44 പേർ ബസിലുണ്ടായിരുന്നതായാണ് പ്രാഥമികവിവരമെന്നും മൂന്ന് അധ്യാപകരേയും 16 വിദ്യാർഥികളേയും ഇതിനോടകം രക്ഷപ്പെടുത്താൻ സാധിച്ചതായും തായ്‌ലൻഡ് ഗതാഗതമന്ത്രി സൂര്യ ജങ്ക്രുൻഗ്രിയേകിത് അറിയിച്ചു. ബാക്കിയുള്ളവരെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉതായി താനി പ്രവിശ്യയിൽ നിന്നുള്ള വിദ്യാർഥികളുമായി സഞ്ചരിച്ച സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.
ഹൈവേയിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെ ടയർ പൊട്ടുകയും വാഹനം ബാരിയറിലേക്ക് ഇടിച്ചുകയറുകയും ചെയ്തതായാണ് രക്ഷാപ്രവർത്തകരിൽ ഒരാൾ പറഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ വാതകടാങ്ക് പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. ലോകത്തിൽ ഏറ്റവും മോശമായ റോഡ് സുരക്ഷാ റെക്കോഡുള്ള രാജ്യമാണ് തായ്‌ലൻഡ്. ഇവിടത്തെ സുരക്ഷിതമല്ലാത്ത വാഹനങ്ങളും മോശമായ ഡ്രൈവിങ്ങും അപകടമരണനിരക്ക് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.