Japan: 26 വര്‍ഷം മുമ്പുള്ള പ്രവചനം ജപ്പാന് കൊടുത്തത് എട്ടിന്റെ പണി; ഭയന്ന് യാത്ര റദ്ദാക്കി ടൂറിസ്റ്റുകള്‍
Tourists cancel trips to Japan over viral comic book’s quake prediction: ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾ ജപ്പാൻ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, വിനോദസഞ്ചാരരംഗത്തെ ഇത് താല്‍ക്കാലികമായെങ്കിലും മന്ദഗതിയിലാക്കുമെന്നും വിദഗ്ധര്‍
ജപ്പാനിലേക്കുള്ള യാത്രകള്‍ വന്‍തോതില്‍ വിനോദസഞ്ചാരികള്‍ റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. വന്‍ ഭൂകമ്പം വരുമെന്ന ആശങ്കയാണ് കാരണം. ജാപ്പനീസ് ‘മാംഗ’ ആര്‍ട്ടിസ്റ്റ് റിയോ ടാറ്റ്‌സുകിയുടെ പ്രവചനമാണ് ആശങ്കയ്ക്ക് കാരണം. ജാപ്പനീസ് ബാബ വാംഗ എന്നാണ് ടാറ്റ്‌സുകിയെ വിളിക്കുന്നത്. 1999ല്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രാഫിക് നോവലില്‍ 2025 ജൂലൈയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. 2011ലെ ഭൂകമ്പം ടാറ്റ്‌സുകി പ്രവചിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ഇതോടെ വിനോദസഞ്ചാരികളില്‍ ആശങ്ക വര്‍ധിക്കുകയും യാത്രകള്‍ റദ്ദാക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2021ല്‍ ഈ നോവല്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ജപ്പാനില്‍ വന്‍ ഭൂകമ്പം വരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും വ്യാപകമായി. തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ ബുക്കിംഗുകൾ ഏപ്രിൽ മുതൽ കുറഞ്ഞു.
ഫോർവേഡ്‌കീസ് ഡാറ്റയുടെ ബ്ലൂംബെർഗ് ഇന്റലിജൻസ് വിശകലനമനുസരിച്ച് മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനമാണ് ബുക്കിങില്‍ കുറവുണ്ടായത്. ഹോങ്കോങ്ങിൽ നിന്നുള്ള ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെയുള്ള 83% വരെ കുറഞ്ഞു.




ഗ്രേറ്റർ ബേ എയർലൈൻസും ഹോങ്കോംഗ് എയർലൈൻസും ഈ മാസം ജപ്പാനിലേക്കുള്ള ചില വിമാന സർവീസുകൾ കുറച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് അധികാരികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
കിംവദന്തികൾ ടൂറിസത്തെ ബാധിക്കാൻ തുടങ്ങിയെന്നും, ആരും ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും മിയാഗി പ്രിഫെക്ചറിന്റെ ഗവർണറായ യോഷിഹിരോ മുറായി നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ശാസ്ത്രത്തിന് ഭൂകമ്പങ്ങള്‍ കൃത്യതയോടെ പ്രവചിക്കാനാകില്ലെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി ആളുകളെ ഓർമ്മിപ്പിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. 2011ല്‍ വന്‍ ഭൂകമ്പം ജപ്പാനിലുണ്ടായി. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച ജപ്പാന്റെ ടൂറിസം മേഖലയും കരുത്തോടെ മുന്നോട്ടുപോയി. ഏപ്രില്‍ ഏകദേശം 39 ലക്ഷം വിദേശസഞ്ചാരികളാണ് ജപ്പാനിലെത്തിയത്.
എന്നാല്‍ ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾ ജപ്പാൻ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, വിനോദസഞ്ചാരരംഗത്തെ ഇത് താല്‍ക്കാലികമായെങ്കിലും മന്ദഗതിയിലാക്കുമെന്നും ബ്ലൂംബെർഗ് ഇന്റലിജൻസിന്റെ വ്യോമയാന, പ്രതിരോധ വിശകലന വിദഗ്ധൻ എറിക് ഷു പറഞ്ഞു.